ന്യൂഡൽഹി: അന്യസംസ്ഥാന തൊഴിലാളികളുടെ പാലായനവും അവർ അപകടത്തിൽപ്പെടുന്നതും തലവേദനയാകുന്ന സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തു നിന്നും പുറപ്പെടുന്നവരുടെ കണക്കുകൾ ദേശീയ ദുരന്ത നിവാരണ അതോറിറ്റി(എൻ.ഡി.എം.എ)യുടെ വെബ്‌സൈറ്റിൽ ശേഖരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. തൊഴിലാളികൾ ഏവിടെ നിന്ന് യാത്ര പുറപ്പെടുന്നുവെന്നും എവിടേക്ക് പോകുന്നുവെന്നും വ്യക്തമാക്കുന്ന വിവരങ്ങൾ സംസ്ഥാനങ്ങൾ എൻ.ഡി.എം.എ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. തൊഴിലാളികളുടെ വ്യക്തി വിവരങ്ങളും സ്വദേശത്തെ വിലാസവും തിരിച്ചറിയൽ കാർഡ് നമ്പരും നൽകണം. എൻ.ഡി.എം.എ സൈറ്റിൽ തയ്യാറാക്കിയ ദേശീയ അന്യസംസ്ഥാന തൊഴിലാളി വിവര സംവിധാനം എന്ന പ്രത്യേക വിഭാഗത്തിലാണ് ഇവ അപ്‌ലോഡ് ചെയ്യേണ്ടത്.