punjab
PUNJAB

ന്യൂഡൽഹി:മൂന്നാംഘട്ട അടച്ചിടൽ ഇന്ന് അവസാനിക്കാനിരിക്കെ മിസോറാമിന് പിന്നാലെ പഞ്ചാബും ഈ മാസം 30 വരെ ലോക്ക് ഡൗൺ നീട്ടി. പഞ്ചാബിൽ കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കുറയ്ക്കാൻ ലോക്ക് ഡൗൺ നീട്ടൽ അനിവാര്യമാണെന്നും കൊവിഡ് നിയന്ത്രിത മേഖലകളൊഴിച്ച് കൂടുതൽ ഇളവുകളുണ്ടാകുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. മേയ് 31വരെ ലോക്ക് ഡൗൺ തുടരുമെന്ന് മിസോറാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള മഹാരാഷ്ടയിൽ മുംബയ്, പൂനെ,സോലാപുർ, ഔറംഗബാദ്, മാലേഗാവ് എന്നിവടങ്ങളിലും 31 വരെ കർശന ലോക്ക് ഡൗൺ തുടരും. സംസ്ഥാനങ്ങൾ കേന്ദ്രത്തിന് നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് നാലാം ഘട്ട അടച്ചിടലിന്റെ കാര്യത്തിൽ പുതുക്കിയ മാനദണ്ഡങ്ങൾ അറിയിക്കും. ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ, പഞ്ചാബ്, അസം, തെുലങ്കാന എന്നീ സംസ്ഥാനങ്ങൾ അടച്ചിടൽ നീട്ടണമെന്നാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. ഭൂരിഭാഗം സംസ്ഥാനങ്ങളും റെഡ് സോൺ മേഖലകളിൽ നിയന്ത്രണങ്ങൾ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം തങ്ങൾക്ക് വിട്ടുനൽകണമെന്നാണ് സംസ്ഥാനങ്ങളുടെ പൊതുനിലപാട്. കുടിയേറ്റ തൊഴിലാളികൾക്കായുള്ള ശ്രമിക്ക് ട്രെയിനുകളും പ്രവാസികൾക്കായുള്ള പ്രത്യേക വിമാനസർവീസുകളും ഒഴികെ മറ്റ് ട്രെയിൻ, വിമാനസർവീസുകൾ പാടില്ലെന്ന് ബീഹാർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ ഭാഗീകമായി തുടരുന്നതിനോടൊപ്പം സാമ്പത്തിക പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനഃരാരംഭിക്കാനാണ് സംസ്ഥാനങ്ങളുടെ താത്പര്യം.


സംസ്ഥാനങ്ങളുടെ നിർദ്ദേശം ഇങ്ങനെ
 ഗ്രീൻ സോൺ പൂർണമായും തുറക്കുക
 ഓറഞ്ച് സോൺ പരിമിത നിയന്ത്രണം മാത്രം
 റെഡ് സോണുകളിൽ കർക്കശ നിയന്ത്രണം

കേന്ദ്രതീരുമാനം - സാദ്ധ്യത
 വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും തിയേറ്ററുകളും തുറക്കില്ല.

 അടച്ചിടൽ മേഖലകളിലൊഴികെ സലൂണുകൾ, ബാർബർ ഷോപ്പുകൾ,കണ്ണടക്കടകൾ എന്നിവ തുറക്കും.
 റെയിൽവെ, വിമാനസർവീസുകൾ, ബസുകൾ, മെട്രോ നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കും
 യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തി ടാക്ടസികളും ഓട്ടോകളും അനുവദിക്കും.
 മാർക്കറ്റുകളും മറ്റും തുറക്കുന്നതിൽ തീരുമാനം സംസ്ഥാനങ്ങൾക്ക്
 റെഡ് സോൺ ഒഴികെ ഇ - കൊമേഴ്‌സ സ്ഥാപനങ്ങൾക്ക് പൂർണ പ്രവർത്തനാനുമതി

30,000 കടന്ന് മഹാരാഷ്ട്ര

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ മുപ്പതിനായിരം കഴിഞ്ഞു. ഇന്നലെ 1606 പുതിയ കൊവിഡ് കേസുകളും 67 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ 53 പുതിയ കേസുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 30706 ആയി. മരണം1135. ഗുജറാത്തിൽ കേസുകൾ പതിനായിരം കടന്നു.1057 പുതിയ കേസുകളും 19 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 477 പുതിയ കേസുകൾ. മൂന്നുപേർ കൂടി സംസ്ഥാനത്ത് മരിച്ചു. പശ്ചിമബംഗാളിൽ 115 പുതിയ കേസുകൾ. ഏഴുമരണം. ബീഹാർ 112, ജമ്മുകാശ്മീരിൽ 108 പുതിയ കേസുകളും.