gujarat
GUJARAT

ന്യൂഡൽഹി: ഗുജറാത്തിൽ നിന്ന് ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള ശ്രമിക് ട്രെയിനുകൾ അവസാനനിമിഷം റദ്ദാക്കിയതിനെതിരെ കുടിയേറ്റ തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ കല്ലെറുണ്ടായി. പൊലീസിന്റേതടക്കം നൂറോളം വാഹനങ്ങൾ തല്ലിതകർത്തു. പൊലീസ് ലാത്തി വീശി. ടിയർ ഗ്യാസ് പ്രയോഗിച്ചു. 68 പേരോളം അറസ്റ്റിലായി.

രാജ്‌കോട്ട് റെയിൽവേ സ്റ്റേഷന് സമീപം ഷപ്പാൽ വരാവൽ ദേശീയ പാതയിൽ ഇന്നലെ രാവിലെയായിരുന്നു സംഘർഷം. രണ്ട് ശ്രമിക് ട്രെയിനുകൾ രാവിലെ സർവീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ബീഹാർ, യു.പി സർക്കാരുകളുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഗുജറാത്ത് സർക്കാർ അവസാന നിമിഷം ട്രെയിനുകൾ റദ്ദാക്കി. ഇതോടെ തൊഴിലാളികൾ പ്രകോപിതരായി. അഞ്ഞൂറിലേറെ തൊഴിലാളികൾ രാജ്‌കോട്ട് റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തി.

പൊലീസ് നിയന്ത്രിക്കാൻ ശ്രമിച്ചതോടെ ഏറ്റമുട്ടലുണ്ടായി. പൊലീസ് ലാത്തിവീശി തൊഴിലാളികളെ ഓടിക്കാൻ ശ്രമിച്ചതോടെ വലിയ തോതിലുള്ള അക്രമങ്ങൾ അരങ്ങേറി. തൊഴിലാളികൾ വാഹനങ്ങൾ അടിച്ചു തകർത്തു. പൊലീസിന് നേരെ കല്ലെറിഞ്ഞു. ബാരിക്കേഡുകൾ തകർത്തു. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതോടെയാണ് തൊഴിലാളികൾ പിരിഞ്ഞത്.