modi
MODI

ന്യൂഡൽഹി: വാരണാസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മുൻ ബി.എസ്.എഫ് ജവാൻ തേജ് ബഹുദൂർ യാദവ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വാദം കേൾക്കും. മോദിക്കെതിരെ 2019 ൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തേജ് ബഹദൂർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. പത്രികയിൽ കൂടുതൽ വ്യക്തത വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്ന് ആവശ്യപ്പെട്ടത്. മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് പത്രിക തള്ളിയതെന്നും അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് തേജ് ബഹദൂർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മൂന്ന് മാസത്തിനു ശേഷമാണ് ഹർജിയിൽ വാദം കേൾക്കാൻ കോടതി തയ്യാറായത്.

സൈനികർക്ക് വിതരണം ചെയ്യുന്ന മോശം ഭക്ഷണത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിനെ തുടർന്ന് 2017ൽ ബി.എസ്.എഫിൽ നിന്നും പുറത്താക്കിയ ജവാനാണ് തേജ് ബഹദൂർ.