rain

ന്യൂഡൽഹി : ഉംപുൻ ചുഴലിക്കാറ്റ് സൂപ്പർ സൈക്ക്ളോണായി ബംഗാൾ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തലയോഗം വിളിച്ചു. ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ട നടപടികൾ ചർച്ച ചെയ്‌തയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും കേന്ദ്ര കാലാവസ്ഥ വകുപ്പ്, ദേശീയ ദുരന്ത നിവാരണ അതോറിട്ടി, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലേക്കും ദേശീയ ദുരന്ത സേനയുടെ 25 സംഘങ്ങളെ അയച്ചിട്ടുണ്ട്. 12 ടീം സജ്ജരായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി കോസ്റ്റ് ഗാർഡ്, നേവി കപ്പലുകൾ, ഹെലികോപ്ടറുകൾ എന്നിവയും സജ്ജമാണ്.

ആർമിയും എയർഫോഴ്സും അടിയന്തര സാഹചര്യം നേരിടാൻ സന്നദ്ധരായി നിലയുറപ്പിച്ചിട്ടുണ്ട്.