നിസാരമായ ഞങ്ങളുടെ ഈ ആവശ്യം അനുകമ്പയോടെ പരിഗണിച്ചു കൂടേ നിങ്ങൾക്ക് ?""
ചോദ്യകർത്താവ് - തുർക്കിക്കാരനായ ഗിറ്റാറിസ്റ്റ് ഇബ്രാഹിം ഗോക്ചെക്ക് എന്ന 39 കാരൻ. 'ചോദ്യം - തുർക്കി ഭരണകൂടത്തോട്. ആവശ്യം - സ്വതന്ത്രമായി പാട്ട് പാടാനുള്ള അവകാശവും. കഴിഞ്ഞ ഏപ്രിൽ 3ന് മരണക്കിടക്കയിലിരുന്ന് ഇബ്രാഹിം എഴുതിയ കത്തിലെ വരിയാണിത്. ഗോക്ചെക്ക് ഇന്ന് ഈ ലോകത്തില്ല. പാട്ടുപാടാനുള്ള അവകാശത്തിനായി തുർക്കി ഭരണകൂടത്തോട് പട്ടിണി സമരത്തിലേർപ്പെട്ട് മരണത്തെ സ്വീകരിച്ചു. തന്റെ സഹഗായിക ഹെലിൻ ബോലെക് പോയ അതേ പാതയിലൂടെ...
ഭരണകൂട അടിച്ചമർത്തലുകൾക്കെതിരെ അതത് രാഷ്ട്രങ്ങളിൽ ഉയർന്ന് വന്നിട്ടുള്ള പ്രതിഷേധ സ്വരങ്ങളിൽ സംഗീതത്തിനും പാട്ടുകൾക്കുമുള്ള പ്രാധാന്യം വലുതാണ്. ഈണമില്ലാതെ ജീവിതം അസാദ്ധ്യമാണെന്നത് തന്നെ അതിന് കാരണം. യൂറോപ്പ്യൻ രാജ്യമായ തുർക്കിയിലെ ന്യൂനപക്ഷമായ കുർദിഷ് ജനതയ്ക്ക് വേണ്ടി ഭരണകൂടത്തോട് യുദ്ധം ചെയ്ത് അവസാനം അസ്ഥിപഞ്ജരമായി ജീവൻ നഷ്ടമായ രണ്ട് ചെറുപ്പക്കാരെ കഴിഞ്ഞ മാസങ്ങളിൽ ലോകം കണ്ടു. ഇരുപത്തിയെട്ടുകാരിയും ഗായികയുമായ ഹെലിൻ ബോലെക്, ഗിറ്റാറിസ്റ്റും മുപ്പത്തിയൊൻപതുകാരനുമായ ഇബ്രാഹിം ഗോക്ചെക്ക്. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും തുല്യതനിലനിൽക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്ന് പാട്ടുകൾ പാടി എന്നതിന്റെ പേരിൽ ഭീകരന്മാരായി മുദ്രകുത്തി കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി ഒടുവിൽ മ രണത്തിന് കീഴടങ്ങിയ, ലോകം എമ്പാടും ആരാധകരുള്ള ഗ്രൂപ്പ് യോറം ബാൻഡിനെക്കുറിച്ചു ലോകം അറിയേണ്ടതുണ്ട്.
അൽപ്പം ചരിത്രം
600ൽപ്പരം വർഷം ഒട്ടോമൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു തുർക്കി. ഒന്നാം ലോകയുദ്ധത്തിൽ തുർക്കിക്കുണ്ടായ പരാജയത്തിൽ ഒട്ടോമൻ സാമ്രാജ്യം നിലംപതിച്ചു. 1923ൽ വിദേശ അധിനിവേശ സേനയിൽ നിന്ന് കൂടി മോചിതമായതോടെ തുർക്കി സ്വതന്ത്രമായി. മുസ്തഫ കെമാൽ പാഷ അത്താത്തുർക്കായിരുന്നു ഏക കക്ഷി ജനാധിപത്യത്തിലധിഷ്ഠിതമായിരുന്ന തുർക്കി റിപ്പബ്ളിക്കിന്റെ ആദ്യത്തെ പ്രസിഡന്റ്. എന്നാൽ 1950 മുതലുള്ള കാലത്ത് കമാലിന്റെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയെ അധികാരത്തിൽ നിന്നും പുറത്താക്കി, വിവിധ പ്രതിപക്ഷകക്ഷികൾ രാജ്യത്ത് അധികാരത്തിലെത്തി.
ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി (എ.കെ.പി.) 2002ൽ ആദ്യമായി അധികാരത്തിൽ എത്തുന്നതിന് മുമ്പ് തുർക്കിയിൽ നടന്ന് കൊണ്ടിരുന്നത് അൽപായുസുകളായ മന്ത്രിസഭകളുടെ കസേര കളിയായിരുന്നു. പിടിപ്പുകേടും അഴിമതിയുമായിരുന്നു അവരുടെ ആയുധങ്ങൾ. ഭരണഘടനക്ക് വിരുദ്ധമായ പ്രവണതയാണെന്നാരോപിച്ച് 1960 മുതൽ 1995 വരെയുള്ള കാലത്ത് നാലുവട്ടം പട്ടാളം അധികാരം ഏറ്റെടുത്തു. 1970കളുടെ അവസാനം മുതൽ എൺപതുകളുടെ അവസാനം വരെ തുർക്കിയുടെ ചരിത്രത്തിലെ പ്രക്ഷുബ്ദ്ധകാലഘട്ടമായിരുന്നു. അഴിമതിക്കും അനീതിക്കും നേരെ ഉയരുന്ന ശബ്ദങ്ങളെല്ലാം നിശബ്ദമാക്കപ്പെട്ടു. ദിനം പ്രതി സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും പുതിയ മാനങ്ങൾ തുർക്കി ജനത സൃഷ്ടിച്ചു. ഒരു കൂട്ടർ മുദ്രാവാക്യം വിളികളുമായി തെരുവിൽ ഇറങ്ങിയപ്പോൾ മറുകൂട്ടർ പാട്ടുപാടിയും തെരുവിൽ നാടകം കളിച്ചും പ്രതിഷേധം അറിയിച്ചു. ഭരണകൂടം കർഫ്യുകൊണ്ടും തീയറ്ററുകൾ പൂട്ടിയും ഇതിനെ നേരിട്ടു. അരക്ഷിതാവസ്ഥയായെങ്ങും. ആയിരക്കണക്കിനാളുകൾ തെരുവുകളിൽ മരിച്ചു വീണു. കുറേയെറെപ്പേർ പലായനം ചെയ്തു.
'പ്രതികരണം" അഥവാ യോറം
വർഷം -1985. സ്ഥലം -തുർക്കി ഇസ്താൻബുള്ളിലെ മാർമാര സർവകലാശാലയിലെ ഒരു ക്ലാസ് മുറി. സർവകലാശാലയുടെ മതിൽക്കെട്ടിന് പുറത്ത് നടക്കുന്ന അവകാശപോരാട്ടങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കായി തുറന്നിട്ട സ്വകാര്യ സദസിലായിരുന്നു നാല് കൂട്ടുകാർ. വികൃതഭൂമിയെ സുകൃതഭൂമിയാക്കാൻ പുറപ്പെട്ടവർ. അവരിൽ കുർദുകളും തുർക്കികളുമുണ്ടായിരുന്നു. തലേദിവസത്തെ വെടിവയ്പ്പിൽ മരിച്ച എട്ടംഗ കുർദ് കുടുംബം ചർച്ചയുടെ ഭൂരിഭാഗവും കവർന്നുകൊണ്ടിരിക്കെ കൂട്ടുകാരിൽ ഒരാൾ തുർക്കി, കുർദ് സംസ്കാരങ്ങളുടെ മഹിമ വിളിച്ചോതുന്ന നാടൻ ശീലുകൾ പാടാൻ തുടങ്ങി. മറ്റൊരാൾ കൈയിലുണ്ടായിരുന്ന ഗിറ്റാറിനാൽ അതിന് പുത്തൻ ഈണം നൽകി. അവിടെ നിന്നാണ് ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുള്ള ' ഗ്രൂപ്പ് യോറം" എന്ന സംഗീത ബാൻഡിന്റെ തുടക്കം. ഗ്രൂപ്പ് യോറം എന്നാൽ കൂട്ടായ പ്രതികരണം എന്നാണ് അർത്ഥം. തുർക്കി ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായിട്ടും കുർദ് ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരെയുമുള്ള യുവജനങ്ങളുടെ പ്രതികരണമായാണ് യോറം പാട്ടുകളിലൂടെ അറിയിച്ചത്. പരമ്പരാഗത തുർക്കി സംഗീതോപകരണങ്ങളായ സാസ് , കവാൽ എന്നിവയ്ക്കൊപ്പം കീബോർഡ്, ഗിറ്റാർ, ബാസ്, ഡ്രം എന്നിവ ഉപയോഗിച്ചു തുർക്കി, കുർദ് സംസ്കാരങ്ങളിൽ നിന്നുള്ള നാടൻ ശീലുകൾ യോറം ചിട്ടപ്പെടുത്തിയത്. 1980കളിൽ ഉദയം കൊണ്ട ഓസ്ഗുൻ (അഥവാ യഥാർത്ഥമായ പ്രതിഷേധം) എന്ന ആലാപന ശൈലിയായിരുന്ന യോറം പിൻതുടർന്നത്.'സിയ് ലിരിപ് ഗെലെൻ" അഥവാ ഉരിഞ്ഞ് മാറ്റുക എന്ന ആദ്യ ആൽബവുമായി യോറം 1987ൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. അവിശ്വസനീയമായിരുന്നു പ്രതികരണങ്ങൾ.
അന്ന് വരെ തുർക്കിഷ് ജനതയുടെ നിലവിളിയ്ക്ക് ചെവികൊടുക്കാതിരുന്ന ലോകം യോറത്തിന്റെ സംഗീതത്തിലൂടെ തുർക്കിയിലേക്ക് എത്തി. അനീതിയുടെ നെറുകിൽ നട്ടം തിരിഞ്ഞിരുന്ന അസംതൃപ്തരായ ജനത യോറത്തിന്റെ സംഗീതം തുറന്ന് വിട്ട അതിരില്ലാത്ത ആകാശത്തിന്റെ ചിറകിലേറി നല്ലൊരു നാളേയ്ക്കുള്ള സ്വപ്നങ്ങളുടെ വിത്ത് വിതച്ചു. മുതലാളിത്തത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായ സന്ദേശങ്ങൾ സാധാരണക്കാർ യോറത്തിനൊപ്പം ഏറ്റുപാടി.ഇരുപത്തിമൂന്നോളം ആൽബങ്ങൾ പുറത്തിറക്കി. അരലക്ഷത്തോളം ജനങ്ങളുടെ സംഗീത സംഗമങ്ങളിൽ തടിച്ചുകൂടി. 2002ൽ റസിപ് തയ്യിപ് എർദൊഗാൻ പ്രധാനമന്ത്രിയായി അധികാരത്തിലേറിയെങ്കിലും തുർക്കിയിലെ സ്ഥിതിഗതികൾ മാറിയില്ല. കഴിഞ്ഞ പതിനൊന്ന് വർഷം പ്രധാനമന്ത്രി, ശേഷം 2014 മുതൽ പ്രസിഡന്റ്. അങ്ങനെ തുർക്കി എർദൊഗാന്റെ കൈകളിലാണ്. എർദൊഗാൻ ചോദ്യങ്ങൾക്ക് അതീതനാണ്.ഭരണഘടനയിൽ മാറ്റം വരുത്താനും പാർലമെന്റിലൂടെയല്ലാതെ തന്നെ നിയമങ്ങൾ നടപ്പിലാക്കാനും സ്വയം അധികാരം. എന്തിനേറെ സുപ്രീം കോടതിയിലെ 15 ജഡ്ജിമാരിൽ ഭൂരിപക്ഷം പേരെയും പ്രസിഡന്റിനു നിയമിക്കാം. എതിർശബ്ദമുയർത്തിയ പ്രതിപക്ഷനേതാക്കളും മാദ്ധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ജയിലിൽ അടക്കപ്പെട്ടു.എന്നാൽ യോറത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളായ ഈണങ്ങളും വരികളും ഭരണകൂടത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങി. ഭരണകൂടത്തെ സംബന്ധിച്ചത്തോളം യോറത്തിന്റെ പാട്ടുകൾ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പണം വാങ്ങി രാജ്യത്തെ ഒറ്റികൊടുക്കുന്ന അവരുടെ ഗൂഢാലോചന പദ്ധതികൾക്ക് എതിരായിരുന്നു. യോറം ബാൻഡിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരും പിന്നോട്ടായിരുന്നില്ല. ഭരണകൂടത്തിന്റെ ഭീകരത വേദികളിൽ നിന്ന് വേദികളിലേക്ക് പാടിനടന്നു അവർ. ഫലമോ യോറത്തിന്റെ വായ്മൂടി കെട്ടാൻ തുർക്കി ഭരണകൂടം തീരുമാനിച്ചു. ഭരണകൂടത്തിന്റെ അനീതി വിളിച്ച് പറയുന്നവരെ ഭീകരന്മാരായി ചിത്രീകരിക്കുന്ന ലോകത്തെ പൊതുവായ രീതി ആവർത്തിക്കപ്പെട്ടു. ഇടതുപക്ഷ അനുഭാവം തുറന്ന് സമ്മതിച്ചിരുന്ന യോറ ബാൻഡിന് റവലൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി തുർക്കിഷ് സർക്കാർ രംഗത്തി.തുർക്കിയും അമേരിക്കയും യൂറോപ്യൻ യൂണിയനും ഭീകരസംഘടനയായി പ്രഖ്യാപിച്ച പാർട്ടിയാണിത്. യോറത്തിന്റെ ആൽബത്തിന്റെ പേരുകളിൽ ചിലതിന് ലിബറേഷൻ പാർട്ടിയുടെ രക്തസാക്ഷികളിൽ ചിലരുടെ പേരുമായി സാമ്യമുണ്ടെന്നതാണ് ഭീകര ബന്ധം സ്ഥാപിക്കാൻ തുർക്കി പൊലീസ് നിരത്തിയ കാരണം. ശേഷം തുർക്കി ഭരണകൂടത്തിന് കാര്യങ്ങൾ വളരെ എളുപ്പത്തിൽ സാധിച്ചു. 2016ൽ യോറം ബാൻഡിന് രാജ്യത്ത് നിരോധനമേർപ്പെടുത്തി.
ജയിലിലടക്കപ്പെട്ട ദിനങ്ങൾ
യോറത്തിന് മേൽ തുർക്കി ഭരണകൂടം ഉയർത്തിയ പ്രതിസന്ധികൾ ചാറി നിൽക്കുകയല്ലായിരുന്നു. കുതിച്ച് പെയ്തിറങ്ങി. യോറത്തിന്റെ ആസ്ഥാനമായ ഓക്മെയ്ദാനിയിലെ ഈദിൽ കൾച്ചറൽ സെന്റർ റെയ്ഡ് ചെയ്യപ്പെട്ടു. ഒന്നും രണ്ടും തവണയല്ല ഇരുപത്തഞ്ചോളം തവണ. അപ്പോഴെല്ലാം സംഗീതോപകരണങ്ങളും കാസറ്റുകളും തീയുടെ ചൂടറിഞ്ഞു. സംഗീതപരിപാടികളിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഗീതപരിപാടിക്കായി പോയ വാഹനം പട്ടാളം പിടിച്ചെടുത്തു ബോംബിട്ടു. പാട്ടുകൾ കേൾക്കരുതെന്ന് ജനങ്ങൾക്ക് ആഹ്വാനം നൽകി. എന്നിട്ടും യോറത്തിന്റെ വായ അടയ്ക്കാനായില്ല.അവർ പാടിക്കൊണ്ടേയിരുന്നു. ജനങ്ങൾ കേട്ടുകൊണ്ടും.
ഇതോടെ സംഘാംഗങ്ങളുടെ തലയ്ക്കും വിലയിട്ടു ഭരണകൂടം. മുപ്പതോളം പേരെ ജയിലിൽ അടച്ചു. അതിൽ ഉൾപ്പെട്ടിരുന്നവരാണ് മരണം പുൽകിയ ഹെലിൻ ബോലെക്,മുസ്തഫാ കോജക്, ഇബ്രാഹിം ഗോചെക്കും ഭാര്യ സുൽത്താനയുമൊക്കെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കി. വൈദ്യുതാഘാതമേൽപ്പിക്കുക, കുരിശിൽ തറയ്ക്കുക, മർദ്ദിച്ച് അവശരാക്കുക തുടങ്ങിയ പല തരത്തിലുള്ള ദണ്ഡനമുറകൾ. ഇതോടെ 2019 ജൂണിൽ ബാൻഡിന്റെ നിരോധനം നീക്കണം, പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് എന്ന് തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹെലിൻ ബോലെക്കും ഇബ്രാഹിം ഗോചെക്കും തടവറയിൽ പട്ടിണി സമരം ആരംഭിച്ചു. നിരാഹാരം പാടാനുള്ള അവകാശത്തിനായുള്ള അവരുടെ അവസാനത്തെ ആയുധമായിരുന്നു എന്ന് പറയുന്നതാവും ശരി. പത്തു മാസം നീണ്ട നിരാഹാര സമരം ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ശോഷിപ്പിച്ച് അസ്ഥികൂടാവസ്ഥയിലേക്ക് മാറ്റിയെങ്കിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള ജനപിന്തുണ വർദ്ധിക്കുകയായിരുന്നു.ഭരണകൂടത്തിന് ഇത് വീണ്ടും തലവേദനയായി. 2019 നവംബറിൽ ഇവരെ ജയിൽ മോചിതരാക്കി. എന്നാൽ സുൽത്താനയെ വിട്ടില്ല.
സമാന ആവശ്യങ്ങൾ ഉന്നയിച്ച് ഈസ്താൻബുള്ളിലെ പ്രതിരോധഭവനത്തിൽ നിരാഹാരസമരം തുടർന്നു. കഴിഞ്ഞ മാർച്ചിൽ പൊലീസ് അവിടെയുമെത്തി. നിരാഹാരം അവസാനിപ്പിക്കണമെന്നതായിരുന്നു ആവശ്യം. ഇരുവരേയും കസ്റ്റഡിയിലെടുത്തു. പ്രലോഭനങ്ങളും അനുനയങ്ങളും നടത്തി. ഏശാതെ വന്നതോടെ ഭീഷണിയായി.പട്ടിണി കിടന്ന് മൃതപ്രായരാവരുടെ ശരീരത്തിൽ ഭാരം കെട്ടിത്തൂക്കി,മസിലുകളിൽ സമ്മർദ്ദം താങ്ങാനാവാത്ത നിലവിൽ ഏറെ നേരെ നിർത്തി, മർദ്ദിച്ചും ചതച്ചും നോക്കി. എന്നാൽ ബാൻഡ് സംഘത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പൊലീസിന് കഴിഞ്ഞില്ല.ആറാം ദിവസം ഇവരെ തിരികെ വിട്ടു ഭരണകൂടം.
സമരം പാതിവഴിയിലാക്കി മടങ്ങി
ഭരണകൂടത്തിന് മുന്നിൽ മുട്ടുകുത്തിയില്ലെങ്കിലും മരണം രംഗബോധമില്ലാത്ത കോമാളിയായി കടന്നെത്തി. 288 ദിവസം ഹെലിനേയും തുടർന്ന് മൂന്നൂറ് ദിവസം പിന്നിട്ടപ്പോൾ മുസ്തഫയേയും ഇബ്രാഹീമിനേയും കൊണ്ട് മരണം കടന്നു കളഞ്ഞു. മൃതശരീരത്തിനോട് പോലും തുർക്കി ഭരണകൂടം അലിവ് കാണിച്ചില്ലെന്നതിൽ നിന്ന് വ്യക്തമാക്കാം യോറത്തിനോടുള്ള സർക്കാരിന്റെ വെറുപ്പ് എത്രത്തോളമെന്നത്. എന്നാൽ വിലക്കിയിട്ടും വകവയ്ക്കാതെ ശവസംസ്കാര ചടങ്ങുകൾക്കായി ഒത്തുകൂടിയ ലക്ഷക്കണക്കിന് ജനങ്ങളിൽ നിന്ന് മനസിലാക്കാം യോറത്തിന്റെ ജനസമ്മതി എന്താണെന്നത്.
മരണത്തിന് ശേഷവും കണ്ണുകളടയാത്ത ഹെലിന്റെ മൃതശരീരവും പേറി ഹെലിന്റെ അമ്മ മകളുടെ ശവസംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടു. ജെമെവിയിലേക്ക് പുറപ്പെട്ട വാഹനം പൊലീസ് വഴിയിൽ തടഞ്ഞു.ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ശവസംസ്കാര ചടങ്ങളിൽ ജനങ്ങൾ ഒത്തുകൂടുമെന്ന് കണ്ടതോടെ മറ്റൊരു ശ്മശാനത്തിലേക്ക് കൊണ്ടുപോയി മതാചാര ചടങ്ങുകൾ നടത്താതെ ആരുമാരും അറിയാതെ ഹെലിന്റെ മൃതദേഹം മറവ് ചെയ്തു.തൊട്ടുപിന്നാലെ മുസ്തഫ മരിച്ചു. സമരം അവസാനിപ്പിക്കാനൊരുങ്ങി രണ്ടുദിവസങ്ങൾക്ക് ശേഷമാണ് മരണത്തിന് ഇബ്രാഹിം കീഴങ്ങിയത്. ഭർത്താവിന്റെ ശരീരം അവസാനമായി കാണണമെന്ന് തടവറയിൽ നിന്നുള്ള സുൽത്താനയുടെ ആവശ്യം ബധിരവിലാപമായി. ഹെലിന് ലഭിച്ച അതേ അവഗണന തന്നെ ഇബ്രാഹീമിനും മരണാനന്തര ചടങ്ങിൽ തുർക്കി വിധിച്ചു.
ബാൻഡിന്റെ നിരോധനം നീങ്ങിയില്ല, ഗായകർ ജയിലിൽ തന്നെ തുടരുന്നു, തുർക്കിയിലെ ഏകാധിപത്യം അവസാനിച്ചിട്ടില്ല, കുർദുകൾക്ക് നീതി ലഭിച്ചില്ല . എങ്കിലും തുർക്കിയുടെ നല്ലൊരു നാളേക്കായി പ്രക്ഷോഭങ്ങൾ തുടരുകയാണ്. കീഴടങ്ങാൻ തയാറാകാത്തവർക്ക് മുന്നിൽ അതിജീവനത്തിന്റെ പാത തുറക്കുക തന്നെ ചെയ്യും. ഇപ്പോഴും ഗ്രൂപ്പ് യോറം ഇസ്താംബൂളിലെയും അന്കാരയിലെയുമെല്ലാം തെരുവീഥികളിൽ ഈണം നിലയ്ക്കാതെ തുടരുന്നു.
''വരൂ തുർക്കിയിലെ സഹോദരങ്ങളേ
ഇതാണ് ആ അതുല്യമായ സമയം
അടിമ ചങ്ങലകൾ പൊട്ടിച്ചെറിയാം
നല്ല നാളിലേക്കുള്ള യാത്ര തുടരാം.""