ന്യൂഡൽഹി: മതവിദ്വേഷ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ മഹാരാഷ്ട്ര പൊലീസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. സി.ബി.ഐക്ക് വിടണമെന്ന അർണബിന്റെ ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.
'മാദ്ധ്യമ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് തടയിടാൻ ആർക്കുമാവില്ല. എന്നാൽ അതിന് ചില പരിമിതികളുണ്ട്. അതിനാൽ അർണബിനെതിരായ ആരോപണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കേണ്ടതാണെന്ന് കോടതി ഉത്തരവിട്ടു.
സമാന പരാതിയിൽ പല സംസ്ഥാനങ്ങളിലായി എഫ്.ഐ.ആറുകളുണ്ട്. അതിനാൽ മുംബയിലേത് ഒഴികെയുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കാമെന്ന് കോടതി സമ്മതിച്ചു. പൊലീസിന് കേസ് അന്വേഷിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം അറസ്റ്റിനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. അർണബിന് സുരക്ഷയൊരുക്കാൻ മുംബയ് പൊലീസ് കമ്മിഷണറോട് നിർദ്ദേശിച്ചു.
മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്യാസിമാർ ആൾക്കൂട്ടക്കൊലയ്ക്കിരയായ സംഭവം വർഗീയവത്കരിച്ച് റിപ്പബ്ലിക് ടി.വി ചർച്ച നടത്തിയെന്നാണ് പരാതി. സോണിയ ഗാന്ധിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളിലും പരാതിയുണ്ട്. ബാന്ദ്രയിൽ അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെ വർഗീയവത്കരിച്ചതാണ് രണ്ടാമത്തെ പരാതിയുടെ കാരണം. അർണബ് തന്റെ ടെലിവിഷൻ ഷോകളിലൂടെ പൊലീസിനെ വിരട്ടുന്നുവെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.