bjp-congress
BJP CONGRESS

ന്യൂഡൽഹി: കുടിയേറ്റത്തൊഴിലാളികളുടെ വിഷയം രാജ്യവ്യാപകമായി ഏറ്റെടുക്കുന്ന കോൺഗ്രസ്, രാജസ്ഥാനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ബസുകൾ ഏർപ്പെടുത്തിയതിനെ ചൊല്ലി ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരുമായി രാഷ്‌ട്രീയപ്പോരിൽ. തൊഴിലാളികളെ കൊണ്ടുവരാൻ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പ്രിയങ്കാഗാന്ധി ഏർപ്പെടുത്തിയ 1000 ബസുകൾക്ക് പ്രവേശന അനുമതി നൽകുന്നതിനെച്ചൊല്ലിയാണ് തർക്കം. 1000 ബസുകളെന്ന് പറഞ്ഞ് കോൺഗ്രസ് നൽകിയ രേഖകൾ ഇരുചക്ര വാഹനങ്ങളുടെയും ആട്ടോറിക്ഷകളുടേതുമാണെന്ന് യു.പി സർക്കാർ പുറത്തുവിട്ടതും പോരിന് കൊഴുപ്പേകി.

രാജസ്ഥാനിലും മറ്റും കുടുങ്ങിയ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ യു.പി കോൺഗ്രസ് ഘടകം ബസുകൾ ഏർപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി മേയ് 16ന് പ്രിയങ്ക അയച്ച കത്തിന് യു.പി സർക്കാർ മറുപടി നൽകിയത് മേയ് 18ന് രാത്രി 11മണിക്കാണ്. ബസുകൾ നൽകാനുള്ള കോൺഗ്രസിന്റെ സന്നദ്ധത അംഗീകരിച്ച സർക്കാർ ഇന്നലെ രാവിലെ 10ന് പരിശോധനയ്‌ക്കായി ബസുകൾ ലക്‌‌നൗവിൽ ഹാജരാക്കണമെന്നും ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും പട്ടിക നൽകാനും ആവശ്യപ്പെട്ടു.

പലയിടത്തായി കുടുങ്ങിക്കിടക്കുന്ന ബസുകൾ കാലിയടിച്ച് ലക്‌‌നൗ വരെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും കോൺഗ്രസ് നടത്തുന്ന മാനുഷിക നടപടിയെ ചോദ്യം ചെയ്യുന്നതാണ് നടപടിയെന്നും പ്രിയങ്കയുടെ ഓഫീസ് ഇന്നലെ മറുപടി നൽകി. വിഷയം രാഷ്‌ട്രീയവത്‌കരിക്കാനാണ് യു.പി സർക്കാരിന്റെ നീക്കമെന്നും കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളെക്കുറിച്ച് ചിന്തയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ബസുകൾ വൈകിട്ട് അതിർത്തിയിൽ എത്തിക്കാമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. തുടർന്ന് യു.പി സർക്കാരിനു വേണ്ടി ആഭ്യന്തര സെക്രട്ടറി അവനീഷ് അശ്വതി 500 വീതം ബസുകൾ യു.പിയുടെ രണ്ട് അതിർത്തി ജില്ലകളിൽ ജില്ലാ അധികൃതർക്ക് കൈമാറാൻ ആവശ്യപ്പെട്ടു.

സർക്കാർ ആവശ്യപ്പെട്ടതു പ്രകാരം കോൺഗ്രസ് ബസുകളുടെ വിവരങ്ങൾ കൈമാറിയിരുന്നു. അതിനു പിന്നാലെയാണ് അടുത്ത വിവാദത്തിന് കൂടി തീ കൊളുത്തി 1000 ബസുകളുടെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യാജമാണെന്ന വിവരം യു.പി സർക്കാർ പുറത്തുവിട്ടത്. ബസുകളുടേതെന്ന പേരിൽ യു.പി കോൺഗ്രസ് ഘടകം കൈമാറിയവ സ്വകാര്യ കാറുകൾ, ആട്ടോറിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയവയുടെ രേഖകളാണെന്ന വിവരം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് അറിയിച്ചത്.

കോൺഗ്രസ് സ്വയം വിരിച്ച വലയിൽ വീണെന്നും തട്ടിപ്പ് പുറത്തായെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പറഞ്ഞു.

എന്നാൽ ഇക്കാര്യം പി.സി.സി നിഷേധിച്ചു. അതിർത്തിയിൽ അനുമതി കാത്തു കിടക്കുന്ന ബസുകൾ അധികൃതർക്ക് നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെടാമെന്നും യു.പി കോൺഗ്രസ് വ്യക്തമാക്കി.

രാജസ്ഥാൻ-യു.പിയിൽ 700 ബസുകൾ അനുമതി കാത്തു കിടക്കുമ്പോൾ യു.പി സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ദേശീയ വക്‌താക്കളായ രൺദീപ് സുർജെവാലെയും രാജീവ് ശുക്‌ളയും ആരോപിച്ചു.