ന്യൂഡൽഹി: നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് 31ന് മുമ്പു തന്നെ ഡൽഹി മെട്രോ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയേക്കുമെന്ന് സൂചന. ഡൽഹിയിലെ സർക്കാർ,സ്വകാര്യ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതും യാത്രക്കാരുടെ തിരക്ക് കൂടിയതും പരിഗണിച്ചാണിത്. സുരക്ഷാ അകലം അടക്കം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള യാത്രയ്‌ക്ക് മെട്രോ ട്രെയിനാണ് നല്ലതെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. നിലവിൽ ഡൽഹിയിൽ 20 യാത്രക്കാരുമായി ബസും ഒരോ യാത്രക്കാരുമായി ടാക്‌സി, ഓട്ടോ എന്നിവയും സർവീസ് തുടങ്ങിയിട്ടുണ്ട്. നാലാംഘട്ടത്തിൽ മെട്രോ ട്രെയിൻ സർവീസ് തുടരാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മാർഗരേഖയിൽ മെട്രോ സർവീസിന് അനുമതിയില്ല. മെട്രോ സർവീസ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് കേരളവും ആവശ്യപ്പെട്ടിട്ടുണ്ട്.