ന്യൂഡൽഹി: വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയിൽ 11 പേർ മരിച്ച സംഭവത്തിൽ എൽ.ജി പോളിമേഴ്‌സ് ഇന്ത്യ കമ്പനി താത്കാലിക പിഴയായി 50 കോടി രൂപ കെട്ടി വയ്ക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. സ്വാഭാവിക അപകടമായിരുന്നുവെന്നും അതിനാൽ ട്രൈബ്യൂണലിൽ തുക കെട്ടിവയ്ക്കാൻ ആകില്ലെന്നുമാണ് കമ്പനിയുടെ വാദം. എന്നാൽ ഇത് ഹരിത ട്രിബ്യൂണലിനെ നേരിട്ട് അറിയിക്കാൻ ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. ജൂൺ 1ന് മുൻപ് ട്രിബ്യൂണലുമായി ബന്ധപ്പെടാനാണ് നിർദേശം. ഹർജിയിൽ പിന്നീട് വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.
വാതകചോർട്ടയുണ്ടായ സംഭവത്തിൽ ചട്ടലംഘനം നടന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഹരിത ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ സ്വമേധയാ എടുത്ത കേസെടുക്കുകയായിരുന്നു. വിശാഖ പട്ടണം ജില്ലാ മജിസ്‌ട്രേട്ടിന് തുക കെട്ടിവയ‌്ക്കാനും കമ്പനിയ്‌ക്ക് നിർദേശം നൽകി.ദുരന്തത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മുൻ ജഡ്ജി ഉൾപ്പെട്ട അഞ്ചംഗ സമിതിയെയും നിയോഗിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, എൽ.ജി പോളിമേഴ്‌സ് ഇന്ത്യ, ആന്ധ്ര പ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ്, വിശാഖപട്ടണം ജില്ലാ മജിസ്‌ട്രേട്ട് എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.