dlhi

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ കേസെടുക്കുന്ന ഇങ്ങനെയൊരു കാലത്തെക്കുറിച്ച് അധികമാരും ചിന്തിച്ചിരിക്കാൻ ഇടയില്ല. പക്ഷേ കൊവിഡിന് മുൻപേ തന്നെ മാസ്‌ക് ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഡൽഹിക്കാർ. സ്രവങ്ങൾ തെറിച്ചുള്ള കൊവിഡ് രോഗ വ്യാപനം തടയാനാണല്ലോ ഇപ്പോൾ മാസ്‌ക് ധരിക്കുന്നത്. സാധാരണ തുണികൊണ്ടുള്ള മാസ്‌കും ധാരാളം. എന്നാൽ ശ്വാസകോശത്തെ പഞ്ചറാക്കുന്ന മാരക സൂക്ഷ്‌മ കണങ്ങളെ തടഞ്ഞു നിറുത്താൻ കെൽപ്പുള്ള എൻ 95 മാസ്‌കുകളാണ് ഡൽഹിക്കാർ അണിഞ്ഞിരുന്നത്.

പർട്ടിക്കുലേറ്റ് മാറ്റർ(പി.എം) എന്ന സാങ്കേതിക വിളിപ്പേരുള്ള സൂക്ഷ്മ കണങ്ങൾ ചെറിയ അളവിൽ പോലും 'ഒരു ശരാശരി ഡൽഹിക്കാരന്റെ സ്‌പോഞ്ചു പോലുള്ള ശ്വാസകോശത്തെ 'മാലിന്യവതിയായ' യമുനാ നദിയിലെ കറുത്ത വെള്ളം പോലെ മലിനമാക്കും. തുമ്മൽ, അലർജി, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ ശ്വാസകോശ രോഗങ്ങളും പിന്നാലെ വരും. മൂന്നു നാലു വർഷമായി ഡൽഹിയിലെ തണുപ്പുകാലം ഇമ്മാതിരി ശ്വാസകോശ രോഗങ്ങളുടെയും ശ്വാസം മുട്ടലിന്റെയും ആകുലതകളാൽ സമ്പന്നമാണ്. അങ്ങനെയാണ് എൻ 95 മാസ്‌കുകൾ ഡൽഹി മുഖങ്ങളുടെ ഭാഗമാകുന്നതും.

ഒക്‌ടോബർ-നവംബർ മാസങ്ങളിൽ അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കൊയ്‌ത്തുകഴിഞ്ഞ ഗോതമ്പ് പാടങ്ങൾ അടുത്ത കൃഷിക്ക് പാകമാക്കാനായി ഒന്നിച്ച് തീയിടാറുണ്ട്. ഹെക്‌ടർ കണക്കിന് പാടങ്ങൾ ഒന്നിച്ച് തീയിടുമ്പോഴുള്ള പുക ആകാശത്തുയർന്ന് ഈ സംസ്ഥാനങ്ങൾക്കിടയിൽ ഞെരുങ്ങുന്ന 'കുഞ്ഞു' ഡൽഹിയുടെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. തണുപ്പിന്റെ വരവറിയിക്കുന്ന ദീപാവലി ആഘോഷത്തിന് ശേഷം പെയ്യാറുള്ള മഴ ഈ പുകപടലങ്ങളെ കഴുകിയെടുത്ത് അന്തരീക്ഷത്തെ ശുദ്ധീകരിച്ചിരുന്നു പണ്ട്. ആ മഴയൊക്കെ ഈ വഴി മറന്ന മട്ടാണിന്ന്.

നോയിഡ, ഗുരുഗ്രാം എന്നീ അതിർത്തി ഉപനഗരങ്ങളിലെ വ്യവസായ ശാലകളും വാഹനങ്ങളും പുറത്തുവിടുന്ന സൾഫർ, നൈട്രജൻ, കാർബൺ സംയുക്തങ്ങൾ അടങ്ങിയ വാതകങ്ങളും പുകയും പൊടിപടലങ്ങളും ചേരുന്ന പർട്ടിക്കുലേറ്റ് മാറ്റർ മൂടൽമഞ്ഞു പോലെ ഉരുണ്ടുകൂടി ഡൽഹിയെ ഗ്യാസ് ചേംബർ ആക്കുകയാണ്. ശ്വാസം മുട്ടിയവർക്കായി കഴിഞ്ഞ സീസണിൽ ശുദ്ധവായു കിട്ടുന്ന 'ഓക്‌സിജൻ പാർലറുകൾ' പോലും തുറന്നിരുന്നു.

ഡൽഹിയിലെ വായു ഗുണനിലവാര സൂചികയിൽ (എ.ക്യൂ.ഐ-ഒരു ക്യുബിക് മീറ്ററിൽ അടങ്ങിയ നിശ്‌ചിത മൈക്രോഗ്രാം പി.എം 10, പി.എം 2.5 സൂക്ഷ്‌മ കണങ്ങളുടെ അളവ്) അപകടകരമായ 300-500 യൂണിറ്റ് വരെ രേഖപ്പെടുത്താറുണ്ട്. തണുപ്പുകാലം പിന്നിടുമ്പോൾ മാലിന്യത്തിന്റെ അളവു കുറയുമെന്നല്ലാതെ എ.ക്യൂ.ഐ മെച്ചപ്പെടാറില്ല.

ജീവിതം ഇങ്ങനെയൊക്കെ ശ്വാസംമുട്ടി കഴിയുന്നതിനിടെയാണ് കൊവിഡ് ബാധയും തുടർന്നുള്ള അപ്രതീക്ഷിത ലോക്ക് ഡൗണും വരുന്നത്. ഒന്നുചീയുമ്പോൾ മറ്റൊന്നിന് വളമാകുമെന്ന ചൊല്ല് ലോക്ക് ഡൗൺ കാലത്ത് ഡൽഹിയിൽ അന്വർത്ഥമായി. ലോക്ക് ഡൗണിൽ വ്യവസായശാലകൾ പൂട്ടുകയും ഡീസൽ വാഹനങ്ങൾ നിരത്തിൽ നിന്ന് പിൻവലിയുകയും ചെയ്‌തപ്പോൾ ഡൽഹിയുടെ അന്തരീക്ഷത്തിൽ അതുണ്ടാക്കിയ മാറ്റം അദ്‌ഭുതകരമായിരുന്നു. പർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 60 ശതമാനത്തോളമാണ് കുറഞ്ഞത്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ഡൽഹിക്കാർ ശുദ്ധ വായു ശ്വസിച്ചു(ഓക്‌സിജൻ പാർലർ ഇല്ലാതെ). തെളിഞ്ഞ ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും വർഷങ്ങൾക്കു ശേഷം ഡൽഹിയിൽ ഉദിച്ചിറങ്ങി. മങ്ങിയ ചന്തമില്ലാത്ത മഞ്ഞക്കലയ്‌ക്കു പകരം പൊന്നമ്പിളി തെളിഞ്ഞതു കാണിച്ച് അമ്മമാർ കൈക്കുഞ്ഞുങ്ങളെ ഉറക്കി.

ആശ്‌ചര്യകരമായ മറ്റൊരു സംഭവം മാലിന്യത്തിൽ ചത്തുമലച്ച യമുനാ നദിയുടെ പുതു ജൻമമാണ്. ബാക്‌ടീരിയ പോലും മൂക്കുപൊത്തും വിധം മാലിന്യമായിരുന്ന യമുനയെ രക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങൾ പരാജയപ്പെട്ടിടത്താണ് ലോക്ക് ഡൗൺ ദിനങ്ങളിൽ ആ അതു സംഭവിച്ചത്. വ്യവസായ ശാലകളിൽ നിന്നുള്ള മാലിന്യ ഉറവകൾ നിലച്ചതോടെ യമുനയുടെ സ്വാഭാവിക നിറം തിരിച്ചു വന്നു. നദിയിൽ നിന്ന് തണുത്ത കാറ്റ് വീശി.

നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളിൽ ജീവിതം പഴയനിലയിലാകവെ അന്തരീക്ഷ മലിനീകരണവും കൂടുന്നതായാണ് റിപ്പോർട്ട്. 21 ദിവസ ലോക്ക് ഡൗണിൽ ശുദ്ധീകരിക്കപ്പെട്ട ഡൽഹിയുടെ അന്തരീക്ഷം കഴിഞ്ഞ കുറച്ചു ദിവസമായി വീണ്ടും പഴയ മോശം അവസ്ഥയിലേക്ക് മടങ്ങുന്നു. വ്യവസായങ്ങൾ വിഷം തുപ്പാൻ തുടങ്ങി. നിരത്തുകളിൽ വാഹനങ്ങളുടെ ബഹളം. എ.ക്യൂ.ഐ 300 കടക്കാൻ അധികം ദിനങ്ങൾ വേണ്ട. തെളിമാനം പിന്നെയും മങ്ങും. പൊന്നമ്പിളി പഴയ ഭംഗിയില്ലാത്ത ചന്ദ്രക്കലയായി മാറും. കൊവിഡിനെ തുരത്തിക്കഴിഞ്ഞും ഡൽഹിക്കാർ മാസ്‌കുകൾ അഴിക്കാതെ ജീവിക്കും. ജീവിതം തഥൈവ.