harshvardhan
HARSHVARDHAN

ന്യൂഡൽഹി: ലോകം കൊവിഡ് പ്രതിസന്ധിയെ നേരിടുന്ന സമയത്ത് ലോകാരോഗ്യ സംഘടനയുടെ ഉന്നതതല സമിതിയുടെ തലപ്പത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ എത്തുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും. രാജ്യത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള ആരോഗ്യ അടിസ്ഥാന വികസനം സാദ്ധ്യമാകാൻ ഹർഷവർദ്ധന്റെ പദവി പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

ഡബ്ല്യു.എച്ച്.ഒയുടെ എക്‌സിക്യൂട്ടീവ് ബോർഡ് അദ്ധ്യക്ഷനായി ഹർഷവർദ്ധൻ നാളെ ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് നിയമനം. നാലുവർഷമായി അദ്ധ്യക്ഷ പദവിയിലുള്ള കിയോ സർവകലാശാലാ ഗ്ളോബൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യാപകനും ജപ്പാൻ പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. ഹിരോകി നകാതാനിയിൽ നിന്നാണ് ഹർഷവർദ്ധൻ സ്ഥാനം ഏറ്റെടുക്കുക.

കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസ് വഴി നടന്ന എക്‌സിക്യൂട്ടീവ് ബോർഡിന്റെ രണ്ടാം യോഗത്തിലാണ് ഡോ. ഹർഷവർദ്ധനെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.

ബോർഡിൽ ബംഗ്ളാദേശും ഇന്തോനേഷ്യയും അടങ്ങിയ ദക്ഷിണ കിഴക്കൻ ഏഷ്യൻ ഗ്രൂപ്പിലാണ് ഇന്ത്യ. ആസ്‌ട്രേലിയ, കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം പടിഞ്ഞാറൻ പസഫിക് വിഭാഗത്തിലാണ് ചൈനയുള്ളത്. മൂന്നുവർഷമാണ് അംഗങ്ങളുടെ കാലാവധി. തങ്ങളുടെ നോമിനിയെ അദ്ധ്യക്ഷനാക്കണമെന്ന ഇന്ത്യയുടെ പ്രമേയത്തെ യു.എസ് അടക്കമുള്ള അംഗരാജ്യങ്ങൾ പിന്തുണച്ചിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്താനുള്ള പ്രമേയവും എക്‌സിക്യൂട്ടീവ് ബോർഡ് യോഗം പാസാക്കി. കൊവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷംപിടിക്കുന്നതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സ്വതന്ത്രാന്വേഷണം.

എക്‌സിക്യൂട്ടീവ് സമിതിയുടെ ചുമതലകൾ

 34 അംഗരാജ്യങ്ങളിലെ ആരോഗ്യവിദഗ്ദ്ധരാണ് സമിതി അംഗങ്ങൾ.

 ലോകാരോഗ്യ സംഘടനയുടെ നിർണായക തീരുമാനങ്ങളെടുക്കുന്ന ഉന്നതതല സമിതി.

 ലോകാരോഗ്യ അസംബ്ളിയുടെ തീരുമാനങ്ങളും നയങ്ങളും നടപ്പാക്കുന്നു

 ഹെൽത്ത് അസംബ്ളിക്ക് നിർണായക വിഷയങ്ങളിൽ ഉപദേശം നൽകുന്നു
 കൊവിഡ് വാക്‌സിൻ ഗവേഷണത്തിലെ നിർണായക കണ്ടുപിടിത്തങ്ങൾക്ക് അംഗീകാരം നൽകേണ്ട ദൗത്യവുമുണ്ട്