ന്യൂഡൽഹി: കയർ ഉത്പന്നമായ കൊയർ ജിയോ ടെക്‌സ്റ്റൈൽ (സി.ജി.ടി) ഉപയോഗിച്ച് റോഡ് നിർമ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയിൽ കേരളത്തിലെ 71 കിലോമീറ്റർ അടക്കം ഏഴു സംസ്ഥാനങ്ങളിൽ 1674 കിലോമീറ്റർ നീളത്തിൽ റോഡ് നിർമ്മാണത്തിന് സി.ജി.ടി ഉപയോഗിക്കാനാണ് കേന്ദ്ര ഗ്രാമീണ അടിസ്ഥാന വികസന ഏജൻസിയുടെ തീരുമാനം. പ്രതിസന്ധി നേരിടുന്ന കയർ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും ഇതുറപ്പാക്കുമെന്നാണ് പ്രതീക്ഷ.
ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയിൽ റോഡുകളുടെ നീളത്തിന്റെ 15ശതമാനം പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കണം. ഇതിൽ അഞ്ചു ശതമാനമാണ് സി.ജി.ടി ഉപയോഗിക്കുക. മണ്ണൊലിപ്പ് തടയാനും മറ്റും ഫലപ്രദമായ സി.ജി.ടി ഈർപ്പത്തെ പ്രതിരോധിക്കുന്നതിനാൽ, കേരളം പോലെ മഴ അധികമുള്ള സ്ഥലങ്ങളിലും റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ.1674 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് നിർമ്മിക്കാൻ ഒരു കോടി ചതുരശ്രമീറ്റർ സി.ജി.ടി വേണ്ടിവരും. 70 കോടിയാണ് ചെലവ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയാണ് തീരുമാനത്തിന് പിന്നിൽ. .
ഐ.ഐ.ടിയിൽ
ഗവേഷണം
സി.ജി.ടി വികസിപ്പിക്കാൻ മദ്രാസ് ഐ.ഐ.ടിയും കയർബോർഡും ചേർന്ന് മികവിന്റെ കേന്ദ്രം തുടങ്ങും.
ഗ്രാമീണ റോഡ് നിർമ്മാണത്തിനും മലയോര പ്രദേശങ്ങളിലും നദീ തടങ്ങളിലും മണ്ണൊലിപ്പ് തടയാനും ഫലപ്രദമായ സി.ജി.റ്റിയുടെ വ്യാവസായിക ഉൽപാദനത്തിനുള്ള ഗവേഷണമാണ് പ്രധാന ലക്ഷ്യം. മദ്രാസ് ഐ.ഐ.ടിയിലെ സംവിധാനങ്ങളും കയർ ബോർഡിന്റെ ലാബുകളും ഗവേഷണത്തിന്റെ ഭാഗമാകും. . കേന്ദ്രത്തിന് രണ്ടുവർഷത്തേക്ക് കയർ ബോർഡ് അഞ്ചു കോടി രൂപ സഹായം നൽകും. കയർ വ്യവസായവുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണം നടത്തും.