രാജ്യത്ത് 24 മണിക്കൂറിനിടെ 5611 രോഗികൾ
ന്യൂഡൽഹി: ഡൽഹിയിൽ പൊതുഗതാഗതം ഉൾപ്പെടെയുള്ളവ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചതിനിടെ ആകെ കൊവിഡ് രോഗികൾ 11,000 കടന്നു. രണ്ടു ദിവസത്തിനിടെ ആയിരത്തിലേറെ രോഗികൾ. ഇതോടെ കടുത്ത ആശങ്കയിലാണ് ദേശീയ തലസ്ഥാനം. ഇന്നലെ മാത്രം 534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ചൊവ്വാഴ്ച 500 പുതിയ രോഗികൾ. ഇന്നലെ പത്തുപേർ കൂടി മരിച്ചതോടെ ആകെ മരണം176 ആയി.
രോഗികളുടെ എണ്ണം കൂടിയതോടെ ആരോഗ്യപ്രവർത്തകരുടെ ലഭ്യത ഉറപ്പുവരുത്താനായി ഡൽഹി സർക്കാർ പുതിയ മാർഗനിർദ്ദേശമിറക്കി. വ്യക്തിഗതസുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെയും മറ്റും രോഗികളുമായി ഇടപെട്ടവർ മാത്രം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. നേരത്തെ രോഗികളെ ചികിത്സിച്ചവരെല്ലാം 14 ദിവസം സമ്പർക്കവിലക്കിൽ കഴിയണമായിരുന്നു.
റെക്കാഡ് വർദ്ധന
24 മണിക്കൂറിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനയാണ് രാജ്യത്തുണ്ടായത്. 5611 പുതിയ രോഗികൾ. 140 മരണം. ആകെ കൊവിഡ് കേസുകൾ 1,06,750 ആയി. മരണം 3,303.
കൊവിഡ് രോഗമുക്തി നിരക്ക് 39.62 ശതമാനം. ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ ഇത് 7.1 ശതമാനമായിരുന്നു. രോഗം ഭേദമായവർ 42,298. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 61,149.
കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ബിഹാർ ആരോഗ്യസെക്രട്ടറി സഞ്ജയ് കുമാറിനെ മാറ്റി. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദയ് സിംഗാണ് പുതിയ ആരോഗ്യ സെക്രട്ടറി.
തമിഴ്നാട്ടിൽ 743 പുതിയ രോഗികൾ. മൂന്നു മരണം
രാജസ്ഥാനിൽ 107 പുതിയ കേസുകൾ. പശ്ചിമബംഗാളിൽ 142, മദ്ധ്യപ്രദേശ് 78
ആന്ധ്രപ്രദേശ് 71, ബിഹാർ 60, കർണാടക 67
കേന്ദ്രആരോഗ്യമന്ത്രാലയ ജീവനക്കാരന് കൊവിഡ്. ഡൽഹിയിലെ നിർമ്മാൺ ഭവനിലുള്ള ഡയറക്ടറേറ്റ് ജനറൽ ഒഫ് ഹെൽത്ത് സർവീസസ് ഓഫീസിലെ ജീവനക്കാരനാണ് രോഗം
ധാരാവിയിൽ 25 പുതിയ കേസുകൾ.
നക്‌സൽ വിരുദ്ധ പോരാട്ടത്തിനിടെ പരിക്കേറ്റ് ഡൽഹിയിൽ ചികിത്സയിലുള്ള ഏഴ് സി.ആർ.പി.എഫ് കമാൻഡോകൾക്ക് കൊവിഡ്
ഛത്തീസ്ഗഡിലെ ഡെപ്യൂട്ടി കളക്ടറുടെ ഡ്രൈവർക്ക് കൊവിഡ്.