priyanka-gandhi
PRIYANKA GANDHI

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകാത്തതിനെത്തുടർന്ന് കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാൻ ഏർപ്പെടുത്തിയ ബസുകൾ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തിരികെ വിളിച്ചു. ഇന്നലെ വൈകിട്ട് നാല് മണിവരെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുമതിക്കായി കാത്തിരുന്ന ശേഷമാണ് ബസുകൾ റദ്ദാക്കിയത്.

കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

''ബസുകൾ ലഭ്യമാക്കിയിട്ട് 24 മണിക്കൂറായി. നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ഞങ്ങൾക്ക് അനുമതി നൽകുക. ബസുകളിൽ ബി.ജെ.പി പതാകകളും സ്റ്റിക്കറുകളും ഉപയോഗിക്കണമെങ്കിൽ അതും ചെയ്യാം. ബസുകൾ ഓടാൻ അനുവദിക്കുക. അല്ലാത്തപക്ഷം, അവ തിരിച്ചയയ്ക്കും. പക്ഷേ, കോൺഗ്രസ് പ്രവർത്തകർ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും സഹായങ്ങളും നൽകുന്നതു തുടരും'' -

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലോക്ക്ഡൗണിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യു.പിയിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നെത്തുന്നത് ആയിരക്കണക്കിന് തൊഴിലാളികളാണ്. ഈ പലായനം അപകട മരണങ്ങൾക്ക് കാരണമായതോടെയാണ് 1000 ബസുകൾ ഓടിക്കാൻ കോൺഗ്രസിനെ അനുവദിക്കണമെന്ന് ശനിയാഴ്ച പ്രിയങ്ക അഭ്യർത്ഥിച്ചത്. യോഗി സർക്കാർ ആദ്യം ഇതിന് വഴങ്ങിയില്ല. ഇതിനെതിരെ കോൺഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചതോടെ ബസ് ഓടിക്കാൻ തിങ്കളാഴ്ച സർക്കാർ അനുമതി നൽകി. എന്നാൽ ബസുകളുടെ പേരിൽ ആട്ടോകൾ, ഇരുചക്ര വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവ പട്ടികയിൽപ്പെടുത്തി കോൺഗ്രസ് തട്ടിപ്പ് നടത്തിയെന്ന് യു.പി സർക്കാർ ആരോപിച്ചു. ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് പ്രിയങ്കയുടെ സെക്രട്ടറിക്കും യു.പി കോൺഗ്രസ് മേധാവി അജയ് കുമാർ ലല്ലുവിനെതിരെയും ഉത്തർപ്രദേശ് സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.