mass-murder
MASS MURDER

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ ഒരു കുടുംബത്തിലെ ആറുപേർ അടക്കം 9 പേരെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും തുടർ പരിശോധനയിൽ മൃതദേഹങ്ങളിൽ വിഷാംശമോ പരിക്കോ കണ്ടെത്താനാകാതെ വന്നതോടെ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആന്തരാവയവങ്ങളുടെ പരിശോധനാഫലം വരുമ്പോൾ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.

ചണചാക്ക് ഫാക്‌ടറിയിലെ തൊഴിലാളികളായ പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ് മക്‌സൂദ് ആലം(56), ഭാര്യ നിഷ(48), മക്കളായ ബുഷ്‌റ (24), ഷബാസ് ആലം (20), സുഹേൽ ആലം(18), ബുഷ്‌റയുടെ മൂന്നുവയസുള്ള മകൻ, തൃപുര സ്വദേശി ഷക്കീൽ അഹമ്മദ് (30), ബിഹാർ സ്വദേശികളായ ശ്രീറാം(21), ശ്യാം (20) എന്നിവരുടെ മൃതദേഹങ്ങളാണ് ഫാക്ടറിക്ക് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് ഫാക്ടറിയുടെ ഗോഡൗണിലാണ് ഇവരെല്ലാം താമസിച്ചിരുന്നത്.

ഫാക്‌ടറി ഉടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്ലെന്നും കഴിഞ്ഞ ദിവസം ഇവരിൽ ഒരാൾക്ക് 10,000 രൂപ നൽകിയെന്നും ഫാക്‌ടറി ഉടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ബുഷ്‌റയുടെ മകന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് എല്ലാവരും ഒത്തുകൂടിയിരുന്നു. ഒന്നിച്ച് രാത്രി ഭക്ഷണം കഴിച്ച പ്ളേറ്റുകൾ പൊലീസ് കണ്ടെടുത്തു. ഇതിലൊന്നും വിഷാംശം കണ്ടെത്തിയിട്ടില്ല. ബുധനാഴ്‌ച രാത്രി 9.30നും വ്യാഴാഴ്‌ച പുലർച്ചെ 5.30നും ഇടയിൽ മരണം സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വിവാഹമോചിതയായ ബുഷ്‌റയ്‌ക്ക് യാക്കൂബ് പാഷ എന്നയാളുമായി അടുപ്പമുണ്ട്. യാക്കൂബുമായുള്ള അടുപ്പത്തെ ബീഹാർ സ്വദേശികളായ ശ്യാമും ശ്രീറാമും എതിർത്തിരുന്നതായും സൂചനയുണ്ട്. യാക്കൂബിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.