index
കൂലിപ്പണിയിൽ ഏർപ്പെടുന്ന അദ്ധ്യാപകർ

ന്യൂഡൽഹി: ഒരു ഭാഗത്ത് രോഗഭീതി, മറുഭാഗത്ത് പട്ടിണി. എങ്കിലും മുണ്ടു മുറുക്കി ഉടുത്ത് തൊഴിലെടുത്താലേ ഈ കൊവിഡ് കാലത്ത് മക്കൾക്ക് ഒരു നേരത്തെ ആഹാരം നൽകാനാവൂ. ഈ ബോദ്ധ്യമാണ് ഐ.ടി വിദഗ്ദ്ധരെയും അദ്ധ്യാപകരെയുമൊക്കെ കൂലിപ്പണിയെടുക്കാൻ പ്രേരിപ്പിച്ചത്.

കഴിഞ്ഞ 12 വർഷമായി തെലങ്കാനയിലെ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ്​ അദ്ധ്യാപകനായിരുന്നു ചിരഞ്​ജീവി. ഭാര്യ എം.ബി.എ ബിരുദധാരിയും പ്രൈമറി സ്കൂൾ അദ്ധ്യാപികയും. സ്വകാര്യ മേഖലയിലാണ് ഇരുവരുടെയും ജോലി. ലോക്ക് ഡൗണായതോടെ സ്‌കൂൾ അടച്ചു. ശമ്പളവും ഇല്ല. രണ്ട്​ കുട്ടികളും മാതാപിതാക്കളുമടക്കം ആറംഗ കുടുംബം പട്ടിണിയിലായി. ഇതോടെ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭോംഗിർ - യാദാദ്രിയിലെ എം.ജി.എൻ.ആർ.ജി.എ വർക്ക്സൈറ്റിൽ കൂലിപ്പണി ചെയ്യുകയാണ് അദ്ധ്യാപക ദമ്പതികൾ. ദിവസം 200-300 രൂപ ലഭിക്കും. കുടുംബത്തിന് ആഹാരം നൽകാൻ ഇത് ഉപയോഗപ്പെടുമെന്ന്​ ദമ്പതികൾ പറയുന്നു.

രാജ്യത്തെ അംഗീകൃതവും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഏതാണ്ട്​ രണ്ട്​ ലക്ഷത്തോളം അദ്ധ്യാപകർ​​ മൂന്ന്​ മാസമായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നതായാണ് റിപ്പോർട്ട്.

'ഇന്റർനെറ്റിൽ സൗജന്യമായി ഓൺലൈൻ ക്ലാസുകൾ ലഭിക്കുമെന്നതിനാൽ അദ്ധ്യാപകരുടെ കോൺട്രാക്ട് പുതുക്കേണ്ടെന്നാണ് മാനേജ്മെന്റിന്റെ അഭിപ്രായം. സ്വകാര്യ സ്​കൂളുകളിൽ പ്രൈമറി സ്​കൂൾ അദ്ധ്യാപകർക്ക്​ 5000-10,000 വരെയാണ്​ ശമ്പളം. ഹൈസ്​കൂൾ അദ്ധ്യാപകർക്ക്​ 20,000 രൂപ വരെയും. ജൂനിയർ ലക്​ചർമാർക്ക്​ 25,000 രൂപ വരെ ചിലപ്പോൾ ലഭിക്കും. അതും ഇപ്പോൾ നഷ്​ടമായിരിക്കുന്നു." -ചിരഞ്​ജീവി പറഞ്ഞു.

സ്വപ്നങ്ങളുടഞ്ഞ ടെക്കി

സോഫ്​റ്റ്​വെയർ പ്രൊഫഷണലായ സ്വപ്​നയ്ക്ക്​ ഒരുലക്ഷം വരെ ശമ്പളം ലഭിച്ചിരുന്നു. ഇപ്പോൾ ജോലി പോയി. കുടുംബം പുലർത്താനായി തൊഴിലുറപ്പ്​ തൊഴിലാളിയായി. തെലങ്കാനയിൽ നിരവധി പ്രൊഫഷണലുകൾ കൂലിപ്പണിയെടുക്കുകയാണ്.