maharashtra
MAHARASHTRA

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിവസവും മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 2000. ആകെ രോഗികൾ നാല്പതിനായിരത്തിലേക്ക്. രാജ്യത്തെ 1,12,359 രോഗികളിൽ 39,297 പേർ മഹാരാഷ്ട്രയിലാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത 5,609 രോഗികളിൽ 2,250 പേർ മഹാരാഷ്ട്രയിലാണ്.

സംസ്ഥാനത്ത് 65പേർക്ക് ജീവൻ നഷ്ടമായി. ആകെ മരണം 1,390.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത 3,435 മരണങ്ങളിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലാണ്.

മുംബയിൽ രോഗികൾ 23,000 കടന്നു. പുനെയും ഔറംഗാബാദും ഹോട്ട് സ്‌പോട്ടുകളായി തുടരുന്നു. 1,388 പൊലീസുകാർ, 2,345 ആരോഗ്യപ്രവർത്തകർ എന്നിവർക്കും രോഗം ബാധിച്ചു.

മുംബയിൽ കൊവിഡ് പോസിറ്റീവായ നൂറിലധികം പേരെ കാണാനില്ല. കൊവിഡ് പരിശോധിച്ചപ്പോൾ തെറ്റായ പേരു വിവരങ്ങൾ നൽകിയവരാണിവർ. ധാരാവിയിൽ മാത്രം 29 പേരെ കണ്ടെത്താനുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബയ് മുനിസിപ്പൽ കോർപറേഷൻ.

സർക്കാർ പരാജയം: ബി.ജെ.പി

മഹാരാഷ്ട്രയിൽ കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയമാണെന്നാരോപിച്ച് ബി.ജെ.പി ഇന്ന് പ്രതിഷേധിക്കും. സർക്കാർ വീഴ്ച ചൂണ്ടിക്കാട്ടി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു.


 മാസം - രോഗികൾ - മരണം (മഹാരാഷ്ട്ര കണക്കുകൾ)

മാർച്ച് - 302 - 10

ഏപ്രിൽ - 10,196 - 449

മേയ് ( ഇന്നലെ വരെ) - 39,297 - 1,390

രാജ്യത്ത് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം 40.23 ശതമാനമായി വർദ്ധിച്ചതായി ആരോഗ്യമന്ത്രാലയം. നേരത്തെ 39.62 ശതമാനമായിരുന്നു. ഇന്നലെ 3,002 പേർ ഉൾപ്പെടെ ആകെ 45,299 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 1,03,532 പേരെ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതുവരെ 26,15,920 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. മരിച്ചവരിൽ 64 ശതമാനവും പുരുഷന്മാരാണ്. അതിൽ തന്നെ എഴുപത് ശതമാനത്തിലേറെയും പ്രായമായവരാണ്.