ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് പരസ്യ കുടിശിക എത്രയും വേഗം നൽകാൻ നിർദ്ദേശിക്കണമെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്.) സുപ്രീംകോടതിയിൽ. ലോക്ക് ഡൗണിനോട് അനുബന്ധിച്ച് മാദ്ധ്യമസ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിടുന്നതും ശമ്പളം വെട്ടിക്കുറയ്ക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് മാദ്ധ്യമ രംഗത്തെ സംഘടനകൾ ഹർജി നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് മാദ്ധ്യമരംഗത്തെ പ്രതിസന്ധിയെക്കുറിച്ച് അറിയിച്ചത്.
മാദ്ധ്യമസ്ഥാപനങ്ങൾ വരുമാനമില്ലാതെ തകർച്ചയുടെ വക്കിലാണ്. പത്രക്കടലാസിന്റെ വിലയും അച്ചടിച്ചെലവും കൂടി. അത് ചെലവിന്റെ 40 – 60% വരും. 20 - 30 % ശമ്പളം നൽകാൻ വേണം. മൊത്തം ചെലവിന്റെ ചെറിയൊരു ശതമാനമേ വരിസംഖ്യയിൽനിന്നു കിട്ടുന്നുള്ളൂ. പരസ്യ വരുമാനത്തിലാണ് മാദ്ധ്യമസ്ഥാപനങ്ങളുടെ നിലനിൽപ്പ്. ലോക്ക് ഡൗണിനെത്തുടർന്ന് കമ്പോളം അടച്ചിട്ട അവസ്ഥയിലായതിനാൽ സർക്കാർ പരസ്യങ്ങൾ 85 ശതമാനവും മറ്റു പരസ്യങ്ങൾ 90 ശതമാനവും ഇല്ലാതായി. പരസ്യങ്ങളുടെ കുടിശികയായി 1500 –1800 കോടി രൂപ മാദ്ധ്യമങ്ങൾക്ക് നൽകാനുണ്ട്. 800 – 900 കോടി രൂപ അച്ചടി മാദ്ധ്യമങ്ങൾക്കു മാത്രം നൽകാനുണ്ടെന്നും ഇത് എത്രയും വേഗം നൽകാൻ നിർദ്ദേശിക്കണമെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നു.