sonia-gandhi

ന്യൂഡൽഹി: പി.എം.കെയർ ഫണ്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ട്വീറ്റ് ചെയ്തതിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു. കെ.വി. പ്രവീൺ എന്ന അഭിഭാഷകന്റെ പരാതിയിൽ കർണാടക ശിവമോഗയിലെ സാഗര ടൗൺ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കൊവിഡ് പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് പി.എം. കെയർ ഫണ്ട്.

മേയ് 11ന് പി.എം. കെയർ ഫണ്ടുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് പരാതി കേസിനാധാരം. ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നും അഴിമതി തടയാൻ പി.എം കെയേർസ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്നും ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജനങ്ങളിൽ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാനും കാരണമാകുമെന്നുമാണ് പരാതിക്കാരന്റെ ആരോപണം. സോണിയ ഗാന്ധിക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കണമെന്ന് കർണാടക പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ,സംസ്ഥാന ആഭ്യന്തര മന്ത്രി, ഡി.ജി.പി, ശിവമോഗ എസ്.പി എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.