exam

ന്യൂഡൽഹി: ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ച ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ജൂലായിൽ നടത്താൻ ബോർഡ് തീരുമാനിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ ജൂലായ് 2 മുതൽ 12 വരെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ജൂലായ് 1 മുതൽ 14 വരെയുമാണ് . ഞായറാഴ്ചകളിലും പരീക്ഷയുണ്ടായിരിക്കും.

പരീക്ഷാ ഹാളുകളിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം. വിദ്യാർത്ഥികൾ മാസ്‌കും സാനിറ്റൈസറും കൊണ്ടുവരണം. ഗ്ലൗസ് വേണമെങ്കിൽ ഉപയോഗിക്കാം.പരീക്ഷയുടെ സമയക്രമം സ്‌കൂളുകളെ ഇ-മെയിൽ വഴി അറിയിക്കുമെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് അറിയിച്ചു. ടൈംടേബിൾ cisce.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്താം ക്ലാസിൽ ആറും, പന്ത്രണ്ടാം ക്ലാസിൽ എട്ടും പരീക്ഷകളാണ് ഇനി നടത്താനുള്ളത്.