covid-in-india
COVID IN INDIA

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6088 പുതിയ കേസുകളും 148 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 1,18,447 ആയി ഉയർന്നു. മരണം 3,583.

അതേസമയം രാജ്യത്ത് രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വീണ്ടും അവകാശപ്പെട്ടു. കൃത്യസമയത്ത് ലോക്ക്ഡൗൺ നടപ്പാക്കിയതിനാൽ രോഗത്തിന്റെ വളർച്ചാ തോത് കുറയ്ക്കാനായി. ഏപ്രിൽ മൂന്നുവരെ പ്രതിദിനം 22.60 ശതമാനം കേസുകൾ വർദ്ധിക്കുന്ന സ്ഥിതിയായിരുന്നു. ഏപ്രിൽ മൂന്നിന് ശേഷം ഇത് കുറഞ്ഞു. നിലവിൽ വളർച്ചാതോത് 5.5ശതമാനമാണ്. ക്രമാതീത വളർച്ചയില്ല. 13.3 ദിവസം കൊണ്ടാണ് കേസുകൾ ഇരട്ടിക്കുന്നത്. ലോക്ക്ഡൗണിന് മുൻപ് ഇത് 3.4 എന്ന നിലയിലായിരുന്നു. ദിവസം ഒരു ലക്ഷത്തിലധികം പരിശോധനകൾ നടക്കുന്നുണ്ട്. ഏപ്രിൽ 5ന് ശേഷം മരണനിരക്കും കുറഞ്ഞു. നിലവിൽ ഇത് 3.02 ശതമാനമാണ്. ഇതുവരെ 48,534 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 3334 പേർക്ക് രോഗം മാറി. രോഗമുക്തി നിരക്ക് 41 ശതമാനമായി ഉയർ‌ന്നു.

 80 ശതമാനം 5 സംസ്ഥാനങ്ങളിൽ

രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും മഹാരാഷ്ട്ര, തമിഴ്‌നാട്,ഗുജറാത്ത്, ഡൽഹി , മദ്ധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. മുംബയ്, ഡൽഹി, ചെന്നൈ,അഹമ്മദാബാദ്, താനെ എന്നീ നഗരങ്ങളിലായാണ് 60 ശതമാനം രോഗികളും. മഹാരാഷ്ട്രയിൽ രോഗികൾ 41,000 കടന്നു. മരണം 1,454.

സഞ്ജയ് ഝായ്ക്ക് കൊവിഡ്

കോൺഗ്രസിന്റെ ദേശീയ വക്താവായ സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 'തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ അടുത്ത 10-12 ദിവസത്തേക്ക് വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുമെന്നും'ഝാ ട്വീറ്റ് ചെയ്തു.