പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി
ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയും ഒഡിഷയ്‌ക്ക് 500 കോടി രൂപയും അടിയന്തര സഹായം അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്‌ടറിൽ വ്യോമനിരീക്ഷണം നടത്തി ഇരു സംസ്ഥാനങ്ങളിലെയും നാശനഷ്‌ടങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനം. പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ, മുഖ്യമന്ത്രി മമത ബാനർജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച മോദി, മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നും അറിയിച്ചു.
ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 80 ആയി. പശ്‌ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ്, സൗത്ത് 24 പർഗനാസ്, കിഴക്ക് - പടിഞ്ഞാറ് മിഡ്‌നാപൂർ, കൊൽക്കത്ത, ഹൗറ, ഹൂഗ്ളി ജില്ലകളിൽ വീടുകളും കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര സംഘത്തിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ദുരന്തബാധിത പ്രദേശങ്ങളെ പൂർവ സ്ഥിതിയിലാക്കാൻ സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.
ഉച്ചയ്ക്ക് വിമാനമാർഗം ഭുവനേശ്വറിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി ഒഡിഷയിൽ ചുഴലിക്കാറ്റ് നാശം വിതച്ച ജഗത്‌സിംഗ്പൂർ, കേന്ദ്രപാര, ഭദ്രക്, ബലാസോർ തുടങ്ങിയ പ്രദേശങ്ങളിൽ ഹെലികോപ്‌ടറിൽ നിരീക്ഷണം നടത്തിയത്. സംസ്ഥാന ഗവർണർ ഗണേശി ലാൽ, മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരും ഒപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാനും പ്രതാപ് സാരംഗിയും പങ്കെടുത്തു.