ന്യൂഡൽഹി: ഡൽഹിയിൽ ദിനംപ്രതി കൊവിഡ് കേസുകളും മരണവും വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക. ഡൽഹിയിൽ ആകെ മരണം 208 ആയി ഉയർന്നു. കേസുകൾ 12,000 കടന്നു. 24 മണിക്കൂറിനിടെ 660 പുതിയ കൊവിഡ് രോഗികളും 14 മരണവും. ആദ്യമായാണ് ദേശീയ തലസ്ഥാനത്ത് ദിവസം 600ന് മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് .കഴിഞ്ഞ നാലുദിവമായി തുടർച്ചയായി 500 മുകളിലാണ് പുതിയ രോഗികൾ.
മേയ് 11ന് ഡൽഹിയിൽ ആകെ 73 മരണം. മേയ് 21ന് ഇത് 194 ആയും 22ന് 208 ആയും ഉയർന്നു.11 ദിവസം കൊണ്ട് 135 പേർക്ക് ജീവൻ നഷ്ടമായി.
തുടക്കത്തിൽ ഒരു ദിവസം 100 കേസുകളും പിന്നീട് 500, അതുകഴിഞ്ഞ് 1000 എന്ന നിലയിലും രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട്. ഇത് പ്രകാരം ഡൽഹി ഇപ്പോൾ രണ്ടാംഘട്ടത്തിലാണ്. രോഗവ്യാപനം കൂടുന്നതിനാൽ ആശുപത്രികൾ സജ്ജമാക്കാനും ആവശ്യമായ സംവിധാനങ്ങൾ ഉറപ്പാക്കാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ജൂൺ, ജൂലായ് മാസങ്ങളിൽ ഡൽഹിയിൽ രോഗികളുടെ എണ്ണം പാരമ്യത്തിലെത്തുമെന്നാണ് റിപ്പോർട്ട്.