harshvardhan

ന്യൂഡൽഹി: ലോകാരോഗ്യ സംഘടനാ എക്‌സിക്യൂട്ടീവ് ബോർഡ് അദ്ധ്യക്ഷനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ ചുമതലയേറ്റു. വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ നിലവിലെ അദ്ധ്യക്ഷൻ ജപ്പാനിൽ നിന്നുള്ള ഡോ. ഹിരോകി നകതാനിയിൽ നിന്നാണ് സ്ഥാനം ഏറ്റെടുത്തത്. ഒരു വർഷമാണ് അദ്ധ്യക്ഷ പദവിയുടെ കാലാവധി. കൊവിഡ് സൃഷ്‌ടിച്ച വെല്ലുവിളിക്കെതിരെ അംഗരാജ്യങ്ങൾ ഒന്നിച്ച് നിന്നു പൊരുതേണ്ടതുണ്ടെന്ന് ഹർഷ വർദ്ധൻ പറഞ്ഞു. കൊവിഡ് മൂലം മരിച്ചവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. കൊവിഡ് മനുഷ്യവംശം നേരിട്ട ഏറ്റവും വലിയ ദുരന്തമാണെന്നും അടുത്ത രണ്ടു ദശകത്തിൽ സമാനമായ സംഭവങ്ങൾ നേരിടാൻ രാജ്യങ്ങൾ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.