ന്യൂഡൽഹി: ആഭ്യന്തര വിമാനസർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വെബ്‌സൈറ്റ്, അംഗീകൃത ട്രാവൽ ഏജന്റുമാർ, ബുക്കിംഗ് ഓഫീസുകൾ എന്നിവ വഴി ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ അറിയിച്ചു. മേയ് 25 മുതൽ ആഗസ്റ്റ് 25 വരെ 8428 സർവീസുകളാണ് എയർ ഇന്ത്യ നടത്തുക. ഇൻഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് തുടങ്ങിയ സ്വകാര്യകമ്പനികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മേയ് 25 മുതൽ രാജ്യത്തെ 383 റൂട്ടുകളിലാണ് ആഭ്യന്തരവിമാന സർവീസ് പുനരാരംഭിക്കുന്നത്.
അതേസമയം, ജൂൺ 1 മുതൽ രാജ്യത്തെ വിവിധയിടങ്ങളിലേക്ക് 230 ട്രെയിനുകളിലേക്കും ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ കൂടാതെ റെയിൽവേ സ്റ്റേഷനുകൾ, ഐ.ആർ.സി.ടി.സി അംഗീകൃത ഏജന്റുമാർ, ജനസേവനകേന്ദ്രങ്ങൾ എന്നിവ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. 13 ലക്ഷം യാത്രക്കാർ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തതായി റെയിൽവേ അറിയിച്ചു.