ന്യൂഡൽഹി:കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗം, കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാൻ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ വീതം ആറുമാസം നൽകണമെന്നും രോഗ വ്യാപനവും പരിശോധനയും സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഇതടക്കം 11 ആവശ്യങ്ങൾ അടങ്ങിയ രേഖ പുറത്തിറക്കി.
സി.പി.എമ്മും തൃണമൂൽ കോൺഗ്രസും അടക്കം 22 പാർട്ടികൾ പങ്കെടുത്തപ്പോൾ, എസ്.പി, ബി.എസ്.പി, ആം ആദ്മി എന്നിവ വിട്ടുനിന്നു. വീഡിയോ കോൺഫറൻസാണ് നടത്തിയത്.
ലോക്ക് ഡൗൺ അവസാനിപ്പിച്ച് എങ്ങനെ തിരിച്ചുവരുമെന്ന് ഒരു ധാരണയുമില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. 20ലക്ഷം കോടിയുടെ ആശ്വാസ പാക്കേജ് ക്രൂര ഫലിതമായി മാറി. രാജ്യം പ്രതിസന്ധി നേരിടുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ജി.ഡി.പി നെഗറ്റീവ് ആകുമെന്ന പ്രവചനം ഗൗരവത്തോടെ കാണണമെന്നും സോണിയ പറഞ്ഞു.
അടിയന്തര ആവശ്യങ്ങൾ ഇവ
1.പാവപ്പെട്ട കുടുംബങ്ങൾക്ക് ആറുമാസത്തേക്ക് 7500 രൂപ വീതം നേരിട്ടു നൽകുക. അടിയന്തരമായി 10,000 രൂപ നൽകുക,
2. 10കിലോ സൗജന്യ റേഷൻ അനുവദിക്കുക.
3. തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിക്കുക,
4.കൊവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തു വിടുക
5.തൊഴിൽ നിയമ ഭേദഗതി അടക്കമുള്ളവ മരവിപ്പിക്കുക
6.റാബി സംഭരണം വർദ്ധിപ്പിക്കുക
7.സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ ഫണ്ട് നൽകുക
8.ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള പദ്ധതി പുറത്തുവിടുക
9.പാർലമെന്റ് വിളിച്ചു ചേർക്കുക
10.പുതിയ സാമ്പത്തിക പാക്കേജ് കൊണ്ടുവരിക
11.വിമാന സർവീസുകൾ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ചശേഷം നടത്തുക.
സീതാറാം യെച്ചൂരി(സി.പി.എം), ശരത് പവാർ (എൻ.സി.പി), എച്ച്.ഡി. ദേവഗൗഡ (ജെ.സി.എസ്), ഉദ്ധവ് താക്കറെ (ശിവസേന), മമതാ ബാനർജി (തൃണമൂൽ), എം.കെ. സ്‌റ്റാലിൻ (ഡി.എം.കെ), ഡി.രാജ (സി.പി.ഐ), ഹേമന്ത് സോറൺ (ജെ.എം.എം), ശരത് യാദവ് (എൽ.ജെ.ഡി), മനോജ് ഝാ (ആർ.ജെ.ഡി), ഒമർ അബ്‌ദുള്ള (എൻ.സി.പി) എന്നിവരും കേരളത്തിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ളീംലീഗ്), എൻ.കെ.പ്രേമചന്ദ്രൻ (ആർ.എസ്.പി), ജോസ് കെ.മാണി (കേരളാ കോൺഗ്രസ്) എന്നിവരും പങ്കെടുത്തു.