ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രവാസി പൗരത്വ (ഒ.സി.ഐ) കാർഡുടമകളിലെ ചില വിഭാഗക്കാർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി നൽകി. വന്ദേഭാരത് യാത്രയിലൂടെ ഇവർക്ക് നാട്ടിൽ വരാം.
നിബന്ധനകൾ ഇപ്രകാരം:
അടുത്ത ബന്ധുക്കളുടെ മരണംപോലെ കുടുംബപരമായ അടിയന്തര ആവശ്യമുള്ളവർ, ഒ.സി.ഐ കാർഡുള്ള ഇന്ത്യൻ പൗരൻമാരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മാതാപിതാക്കൾ (ഇന്ത്യൻ പൗരത്വമുള്ളവർ), ഇന്ത്യയിൽ താമസിക്കുന്ന ഒ.സി.ഐ കാർഡ് ഉടമകളായ സർവകലാശാല വിദ്യാർത്ഥികൾ (പ്രായപൂർത്തിയായവർ), ഇന്ത്യയിൽ സ്ഥിരം വസതിയുള്ള ദമ്പതികൾ (ഒരാൾക്ക് ഒ.സി.ഐ കാർഡും മറ്റേയാൾക്ക് ഇന്ത്യൻ പൗരത്വവും നിർബന്ധം ).
വന്ദേഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടം ജൂൺ 13 വരെ നീട്ടിയിട്ടുണ്ട്. ഇതിനായി സ്വകാര്യ വിമാന സർവീസുകളും അനുവദിച്ചിട്ടുണ്ട്.