parliment
parliment

ന്യൂഡൽഹി: ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള എം.പിമാരിൽ വടകരയെ പ്രതിനിധീകരിക്കുന്ന കെ.മുരളീധരൻ 100 ശതമാനം ഹാജരുമായി മുന്നിൽ. കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്കാണ് കേരള പ്രതിനിധികളിൽ ഹാജർ കുറവ് (56%).

17-ാം ലോക്‌സഭ നിലവിൽ വന്ന ശേഷം നടന്ന മൂന്ന് സമ്മേളനങ്ങൾ അടിസ്ഥാനമാക്കി ഗവേഷണ സ്ഥാപനമായ പി.ആർ.എസ് പുറത്തുവിട്ട കണക്കുകളാണിത്.

കഴിഞ്ഞ ജൂണിൽ നടന്ന ബഡ്‌ജറ്റ് സമ്മേളനം, ശീതകാല സമ്മേളനം, ഇക്കൊല്ലം ആദ്യം നടന്ന ബഡ്ജറ്റ് സമ്മേളനം എന്നിവയിൽ എല്ലാ ദിവസവും പങ്കെടുത്താണ് കെ.മുരളീധരൻ 100 ശതമാനം ഹാജർ നേടിയത്. 65 ചോദ്യങ്ങളാണ് മുരളീധരൻ ഉന്നയിച്ചത്. 23 ചർച്ചകളിലും പങ്കെടുത്തു.

അതേസമയം കേരള എം.പിമാരിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്തത് കൊല്ലം എം.പി എൻ.കെ.പ്രേമചന്ദ്രനാണ് (114). കൂടുതൽ ചോദ്യം ചോദിച്ചത് പത്തനംതിട്ട എം.പി ആന്റോ ആന്റണിയാണ് (111). ഹാജർ നില കുറവാണെങ്കിലും രാഹുൽ 40 ചോദ്യങ്ങൾ ചോദിച്ചു. രണ്ട് ചർച്ചകളിലും പങ്കെടുത്തു.

ഇവർ വന്നാലായി!

പാർലമെന്റിൽ വല്ലപ്പോഴും എത്തുന്ന എം.പിമാരുമുണ്ട്. ബി.എസ്.പിയുടെ യു.പിയിൽ നിന്നുള്ള എം.പി അതുൽകുമാർ സിംഗിന് വെറും മൂന്നു ശതമാനമാണ് ഹാജർ. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകനും ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജിക്ക് 14 ശതമാനം ഹാജരേയുള്ളൂ.