ന്യൂഡൽഹി : ആഭ്യന്തരവിമാനസർവീസുകൾ തിങ്കളാഴ്ച മുതൽ ഭാഗികമായി ആരംഭിക്കാനിരിക്കെ, അന്താരാഷ്ട്ര വിമാന സർവീസുകളും വൈകാതെ പുനരാരംഭിക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഇന്നലെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ പകുതിയോടെയോ ജൂലായ് തുടക്കത്തിലോ അന്താരാഷ്ട്ര സർവീസുകളും തുടങ്ങാനാകും. അല്ലെങ്കിൽ ആഗസ്റ്റിന് മുമ്പ് ഭൂരിഭാഗം സർവീസുകളും ആരംഭിക്കാൻ ശ്രമിക്കുകയാണ്. സാമ്പത്തിക നില സാധാരണ നിലയിലേക്ക് മടക്കികൊണ്ടുവരികയാണ് പ്രഥമ ലക്ഷ്യം. ലോക്ക് ഡൗൺ കാരണം ഇന്ത്യയിൽ കഴിയേണ്ടിവന്ന വിദേശ ഇന്ത്യക്കാരെ വൈകാതെ മടക്കിഅയയ്ക്കാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.