flight-seat

ന്യൂഡൽഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ അടുത്ത 10 ദിവസത്തേക്ക് കൂടി മുഴുവൻ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാൻ എയർ ഇന്ത്യയ്ക്ക് സുപ്രീം കോടതി അനുമതി നൽകി. എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ എയർ ഇന്ത്യയും കേന്ദ്രസർക്കാരും നൽകിയ അപ്പീലിലാണ് നടപടി.

കൊവിഡ് തടയാൻ വിമാനത്തിനകത്തും സാമൂഹിക അകലം പാലിക്കണമെന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അഭിപ്രായപ്പെട്ടു.

'വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള വിമാനങ്ങളിൽ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നത് സാമാന്യബോധമാണ്. സീറ്റിൽ ആളെ നിറയ്ക്കുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാനാകും. വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയുമോ ? ജനങ്ങളുടെ ആരോഗ്യത്തിലാണ് കേന്ദ്ര സർക്കാർ ഉത്കണ്ഠപ്പെടേണ്ടത്. അല്ലാതെ വിമാനക്കമ്പനികളുടെ കാര്യത്തിലല്ലെന്നും" ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജൂൺ 16 വരെയുള്ള ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതായി എയർ ഇന്ത്യയ്ക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എങ്കിൽ, നിലവിൽ ചാർട്ട് ചെയ്ത യാത്രകൾ പൂർത്തിയാവുന്നത് വരെ ഇപ്പോഴുള്ള നില തുടരാൻ കോടതി അനുമതി നൽകി. ശേഷം നടുവിലെ സീറ്റ് ഒഴിച്ചിട്ടുകൊണ്ട് യാത്ര നടത്തണമെന്നും കോടതി നിർദേശിച്ചു. പരാതിയിൽ ജൂൺ രണ്ടിന് തീരുമാനം കൈക്കൊള്ളണമെന്ന് സുപ്രീം കോടതി ബോംബെ ഹൈക്കോടതിക്ക് നിർദേശം നൽകി.

നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന സിവിൽ ഏവിയേഷൻ മാർഗനിർദേശം വന്ദേഭാരത് ദൗത്യത്തിലേർപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ പൈലറ്റ് ദേവേൻ യോഗേഷ് കനാനിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.