ന്യൂഡൽഹി: തുടർച്ചയായ നാലാംദിവസവും കൊവിഡ് കേസുകളിൽ റെക്കാഡ് വർദ്ധനയുണ്ടായതോടെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താമതെത്തി. അമേരിക്കയാണ് ഒന്നാമത്. രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈന 14ാമതാണ്. 24 മണിക്കൂറിനിടെ 6977 പുതിയ കൊവിഡ് രോഗികളും 154 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് രോഗികൾ 1,40,138 ആയി. മരണം 4,041ഉം. 77,914 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 58,174 പേർ രോഗമുക്തി നേടി. ഇതുവരെ 30,33,591 സാമ്പിളുകളാണ് പരിശോധിച്ചത്.
അരലക്ഷം കടന്ന് മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ ആകെ കൊവിഡ് കേസുകൾ 50,000 കടന്നു. 1,635 പേർക്ക് ജീവൻ നഷ്ടമായി. തമിഴ്നാട്ടിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് തുടരുകയാണ്. 805 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഏഴു പേർക്ക് ജീവൻ നഷ്ടമായി. ചെന്നൈയിലാണ് സ്ഥിതി കൂടുതൽ മോശം. 549 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 17082.
പുതുതായി 93 പേർക്ക് കൂടി രോഗം ബാധിച്ചതോടെ കർണാടകയിൽ ആകെ കൊവിഡ് കേസുകൾ 2100 കടന്നു. ഡൽഹിയിൽ ആകെ കേസുകൾ 14000 കടന്നു. പുതുതായി 635 പേർക്കാണ് രോഗബാധയുണ്ടായത്. 15 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 14053. മരണം 276.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹി ഗാസിയാബാദ് അതിർത്തി വീണ്ടും അടച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അസമിൽ ആകെ രോഗികളുടെ എണ്ണം 500 കടന്നു.
കൂടുതൽ രോഗികൾ
പത്തു നഗരങ്ങളിൽ
രാജ്യത്തെ കൊവിഡ് രോഗികളിൽ 72.48 ശതമാനവും ചികിത്സയിലുള്ളത് മുംബയ്, താനെ, പൂനെ, ഔറംഗബാദ്, ഇൻഡോർ, അഹമ്മദാബാദ്,ഡൽഹി, ഹൈദരാബാദ്, ചെന്നൈ,കൽക്കത്ത എന്നീ 10 നഗരങ്ങളിലാണ്. കൊവിഡ് മരണങ്ങളിൽ 70.18 ശതമാനവും മുംബയ്, താനെ. പൂനെ, സൂറത്ത്, അഹമ്മദാബാദ്, ഇൻഡോർ,ജയ്പുർ,. ഡൽഹി,ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ്.