himachal

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ ഹിമാചൽപ്രദേശിലെ ഹമിർപുർ,സോളൻ ജില്ലകളിൽ ലോക് ഡൗൺ ജൂൺ 30 വരെ നീട്ടി. . ഈ ജില്ലകളിൽ ലോക് ഡൗണിൻറെ ഭാഗമായുള്ള കർഫ്യൂ ഒരുമാസം കൂടി നീട്ടി ജില്ലാ മജിസ്‌ട്രേട്ടുമാർ ഇന്നലെ ഉത്തരവിറക്കി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നാലാംഘട്ട ലോക് ഡൗൺ മേയ് 31നാണ് അവസാനിക്കുക. ഹാമിർപുരിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 63 പേർക്കാണ് ഇവിടെ ഇതുവരെ രോഗംബാധിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ മടങ്ങിയെത്തിയതോടെ ഹാമിർപുരിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായത്. രാജ്യത്തെ വിവിധ റെഡ് സോണുകളിൽ നിന്ന് പതിനായിരത്തിലധികം പേരാണ് ഹാമിർപുരിൽ ഇതുവരെ എത്തിയത്. സോളനിൽ 21 കൊവിഡ് കേസുകളുണ്ട്. സംസ്ഥാനത്ത് ഇന്നലെ 14 പുതിയ രോഗബാധിതർകൂടിയായതോടെ ആകെ കേസുകൾ 214 ആയി. 5 പേർ മരിച്ചു.