ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ, ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാരെ ഒഴിപ്പിക്കാനൊരുങ്ങി ചൈന. ലോക്ക്ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ,വിനോദസഞ്ചാരികൾ, വ്യാപാരികൾ എന്നിവർക്ക് മടങ്ങാൻ ചൈന അനുമതി നൽകി.ഇവർ മേയ് 27ന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെനീസ് എംബസി നോട്ടീസിറക്കി. എപ്പോഴാണ് ഒഴിപ്പിക്കൽ വിമാനം എത്തുക എന്നത് അറിയിച്ചിട്ടില്ല.
ഇന്നലെ രാവിലെയാണ് ന്യൂഡൽഹിയിലെ ചൈനീസ് എംബസി വെബ്‌സൈറ്റിൽ നോട്ടീസ് പ്രസിദ്ധീകരിച്ചത്. കൊവിഡ് രോഗമുള്ളവർ, 14 ദിവസമായി രോഗ ലക്ഷണങ്ങളുള്ളവർ എന്നിവർക്ക് വിലക്കുണ്ട്. രോഗവിവരം മറച്ചുവച്ചുവെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് പുറമെ , ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ.