gowda

ന്യൂഡൽഹി: 'മാർഗരേഖ എല്ലാ പൗരൻമാർക്കും ബാധകമാണെന്നത് ശരി തന്നെ. പക്ഷേ ഞാൻ മന്ത്രിയായതിനാൽ ഇളവുണ്ട്. '-പറഞ്ഞത് കേന്ദ്ര രാസവള, ഫാർമസ്യൂട്ടിക്കൽ മന്ത്രി സദാനന്ദ ഗൗഡ. ഡൽഹിയിൽ നിന്നു ബംഗളൂരിലെത്തിയ മന്ത്രി മാർഗരേഖ പ്രകാരമുള്ള ഒരാഴ്‌ചത്തെ സർക്കാർ വക ക്വാറന്റൈൻ ഒഴിവാക്കി വീട്ടിലേക്ക് പോയത് വിവാദമായപ്പോൾ നൽകിയ മറുപടിയാണിത്.

ഡൽഹി അടക്കം കൊവിഡ് ബാധ കൂടുതലുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാാർക്ക് കർണാടകയിൽ ഇൻസ്‌റ്റിറ്റ്യൂഷൻ ക്വാറന്റൈൻ നിർബന്ധമാണ്. ഇതിനിടയിലാണ് ഇന്നലെ ബംഗളൂരിലെത്തിയ മന്ത്രി വിമാനത്താവളത്തിൽ നിന്ന് നേരിട്ട് വീട്ടിലേക്ക് പോയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാർ കൊണ്ടുവന്ന മാർഗരേഖ പാർട്ടിയുടെ കേന്ദ്രമന്ത്രി തന്നെ ലംഘിച്ചത് പ്രതിപക്ഷം വിവാദമാക്കിയതോടെ ഗൗഡ വിശദീകരണവുമായി രംഗത്തെത്തി.

മാർഗ രേഖ എല്ലാ പൊതുജനങ്ങളും പാലിക്കേണ്ടതാണ്. ഉത്തരവാദിത്വപ്പെട്ട തസ്‌തികകളിൽ ഇരിക്കുന്നവർക്ക് ഇളവു നൽകിയിട്ടുണ്ട്. ഞാൻ ഔഷധ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയാണ്. ഔഷധങ്ങളുടെ വിതരണവും മറ്റും തടസപ്പെട്ടാൽ ഡോക്‌ടമാർ എന്തു ചെയ്യും. അത് സർക്കാരിന്റെ പരാജയമായി വിലയിരുത്തപ്പെടില്ലേ. രാജ്യത്തിന്റെ എല്ലാ മുക്കിനും മൂലയിലും മരുന്നുകളെത്തുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ട്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും താൻ ക്വാറന്റൈനിൽ പോയാൽ ശരിയാകില്ലെന്നും ഗൗഡ വിശദീകരിച്ചു.