varangal

ന്യൂഡൽഹി: തെലങ്കാനയിലെ വാറങ്കലിൽ ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഒമ്പത് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ബിഹാർ സ്വദേശി സഞ്ജയ് കുമാർ യാദവ് (24) ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. രണ്ടര മാസം മുൻപ് നടത്തിയ ഒരു കൊലപാതകം മറച്ചുവയ്‌ക്കുന്നതിനായാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് പ്രതി ഒൻപത് പേരെ കൊലപ്പെടുത്തിയതെന്ന് വാറങ്കൽ കമ്മീഷണർ വി. രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുളിക കഴിച്ച് അബോധാവസ്ഥയിലായവരെ സുഹൃത്തുക്കളുടെ സഹായത്തോടെ കിണറ്റിൽ എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ ബംഗാൾ സ്വദേശികളായ മുഹമ്മദ് മക്‌സൂദ് അലാം (55),ഭാര്യ നിഷ (48), മകൾ ബുഷ്‌റ (22), ആൺമക്കളായ സൊഹേൽ അലാം (18), ശബാസ് അലാം (20), ബുഷ്‌റയുടെ മൂന്ന് വയസുള്ള മകൻ,തൃപുര സ്വദേശി ഷക്കീൽ അഹമ്മദ് (40), ബിഹാർ സ്വദേശികളായ ശ്രീറാം കുമാർ ഷാ (26), ശ്യാം കുമാർ ഷാ (21) എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. ഇവരെല്ലാം തന്നെ തെലങ്കാനയിലെ വാറങ്കലിൽ ചണച്ചാക്ക് നിർമ്മാണ കമ്പനിയിലെ തൊഴിലാളികളായിരുന്നു.

സംഭവം ഇങ്ങനെ

ആറ് വർഷം മുൻപാണ് സഞ്ജയ് വാറങ്കലിൽ എത്തുന്നത്. മുഹമ്മദ് മക്‌സൂദ് അലാമിന്റെ കുടുംബവുമായി അടുപ്പത്തിലായി. മ‌ക്‌സൂദിന്റെ ബന്ധുവും മൂന്ന് കുട്ടികളുടെ അമ്മയുമായ റഫീക്കയുമായി (37) പ്രണയത്തിലായി ഒരുമിച്ച് താമസവും ആരംഭിച്ചു. റഫീക്കയുടെ മകളോട് സഞ്ജയ് മോശമായി പെരുമാറിയത് റഫീക്ക ചോദ്യം ചെയ്തതോടെ ബന്ധം ഉലഞ്ഞു. തുടർന്ന് കഴിഞ്ഞ മാർച്ച് 6ന് സഞ്ജയ് റഫീക്കയുമൊത്ത് വാറങ്കലിൽ നിന്ന്, പശ്ചിമബംഗാളിലെ റഫീക്കയുടെ വീട്ടിലേക്ക് യാത്രതിരിച്ചു. യാത്രയ്‌ക്കിടെ ഉറക്കഗുളിക നൽകിയശേഷം റഫീക്കയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തിരികെ വാറങ്കലിലെത്തി റഫീക്ക നാട്ടിലുണ്ടെന്ന് മക്‌സൂദിന്റെ കുടുംബത്തെ അറിയിച്ചു. റഫീക്ക നാട്ടിലെത്തിയില്ലെന്ന് മനസിലാക്കിയ കുടുംബം ഇയാളെ പലപ്രാവശ്യം ചോദ്യം ചെയ്‌തു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ എല്ലാവരെയും കൊലപ്പെടുത്താൻ സഞ്ജയ് തീരുമാനിച്ചു. റഫീക്കയുടെ മൃതദേഹം പിന്നീട് ആന്ധ്രാപ്രദേശിലെ താടെപള്ളിഗുഡെയിൽ നിന്ന് അജ്ഞാത മൃതദേഹമായി കണ്ടെത്തിയിരുന്നു.

നൽകിയത് അറുപത് ഗുളികകൾ

 കുടുംബത്തെ വകവരുത്താനായി വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നായി അറുപത് ഗുളികകൾ വാങ്ങി സൂക്ഷിച്ചു

 ചൊവ്വാഴ്ച വൈകിട്ട് മക്‌സൂദിന്റെ മകളുടെ കുഞ്ഞിന്റെ പിറന്നാളിൽ പങ്കെടുക്കാനെത്തി

ഭക്ഷണത്തിൽ ഗുളിക കലർത്തി

 അർദ്ധരാത്രിയോടെ എല്ലാവരും മയങ്ങി

 അഞ്ച് മണിക്കൂർ ( അർദ്ധരാത്രി 12.30 - 5.30) സമയമെടുത്ത് കൂട്ടുകാരുമായി ചേർന്ന് എല്ലാവരെയും കിണറ്റിൽ തള്ളി

 കൊല്ലപ്പെട്ടവരുടെ ഫോണുകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു