nurses-

ന്യൂഡൽഹി:ഡൽഹി രജൗരി ഗാർഡൻ കൽറ ആശുപത്രിയിലെ മലയാളി നഴ്​സ്​ അംബിക കൊവിഡ്​ ബാധിച്ച്​ മരിക്കാൻ കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് മകനും സഹപ്രവർത്തകരും ആരോപിച്ചു. ഗുരുതരമായിരുന്നിട്ടും ​വെന്റിലേറ്റർ ഉപയോഗിക്കുകയോ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയോ ചെയ്​തില്ലെന്നും മകൻ അഖിൽ പറഞ്ഞു.

ആശുപത്രിയിൽ അണുനശീകരണം നടത്താറില്ല. ഡോക്ടർ ഉപയോഗിച്ച് ഉപേക്ഷിച്ച മോശം പി.പി.ഇ കിറ്റുകളാണ് നഴ്സുമാർക്ക് നൽകുന്നതെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാർ മാസ്ക് പണം നൽകി ആശുപത്രിയിൽ നിന്ന് വാങ്ങണം. പുതിയ പി.പി. ഇ. കിറ്റുകൾ ആവശ്യപ്പെട്ട് അംബിക സൂപ്രണ്ടുമായി ഒരിക്കൽ തർക്കിച്ചെന്നും സഹപ്രവർത്തകർ പറയുന്നു. അംബിക മേയ് 14 മുതൽ അവധിയിലാണെന്ന ആശുപത്രി മാനേജ്മെന്റിന്റെ വാദം തെറ്രാണ്. സുഖമില്ലാഞ്ഞിട്ടും മേയ് 18 വരെ അംബികയെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു.
പഴകിയതും കീറിയതുമായ മാസ്​കുകളും ,ഗ്ലൗസും കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് നൽകി ആശുപത്രി അധികൃതർ പണം വാങ്ങിയതായും അഖിൽ പറഞ്ഞു. ആശുപത്രി അധികൃതർക്കെതിരെ കേസ് കൊടുക്കാനൊരുങ്ങുകയാണ് അംബികയുടെ കുടുംബം.

രണ്ടുദിവസം മുമ്പാണ്​ പത്തനംതിട്ട വള്ളിക്കോട്​ -കോട്ടയം പാറയിൽ പുത്തൻവീട്ടിൽ പി.കെ. അംബിക ( 48 ) മരിച്ചത്.