india-china-border-disput

ന്യൂഡൽഹി :ഇന്ത്യാ - ചൈന അതിർത്തി തർക്കം വഷളാകുന്നത് കണക്കിലെടുത്ത് സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതലയോഗം വിളിച്ചു ചേർത്തു. കര- വ്യോമ - നാവിക സേനാ തലവന്മാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,സംയുക്ത സേനാ മേധാവി ജനറൽ ബിബിൻ റാവത്ത് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അതിർത്തി സംഘർഷമാണ് യോഗത്തിൽ പ്രധാനമായും ചർച്ചചെയ്തത്. വിദേശ സെക്രട്ടറിമാരെ ഉൾപ്പെടുത്തി മറ്റൊരു ചർച്ചയും നടന്നു. മൂന്ന് സേനാ തലന്മാരുമായി പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ദീർഘനാൾ നീളാവുന്ന സംഘർഷം മുന്നിൽക്കണ്ടുള്ള തയാറെടുപ്പിലാണ് സേന.

ഇതിനിടെ ലഡാക്കിന് സമീപം ചൈന തങ്ങളുടെ വിമാനത്താവളം വിപുലപ്പെടുത്തുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. റൺവേയിൽ യുദ്ധവിമാനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാർക്ക് രാജ്യത്തേക്ക് തിരിച്ച് വരാൻ പ്രത്യേക വിമാനം ഏർപ്പാടാക്കാമെന്ന് ഇന്നലെ ചൈനീസ് എംബസി നോട്ടീസ് ഇറക്കിയിരുന്നു.

ഈ മാസം ആദ്യവാരത്തിൽ ലഡാക്കിലെ പാങ്ങോംഗ് സൊ തടാക തീരത്തും, സിക്കിമിലെ നാകുലാ പാസിലും അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇരുസൈന്യങ്ങളും ഏറ്റമുട്ടിയിരുന്നു. സംഘർഷം രമ്യമായി പരിഹരിക്കാൻ നയതന്ത്രചർച്ചകൾ തുടരുമ്പോഴും ഇരുപക്ഷവും സൈന്യ വിന്യാസം ശക്തമാക്കി.