supreme-court
SUPREME COURT

സൗജന്യ ഭക്ഷണം, താമസം, യാത്ര എന്നിവ ഒരുക്കണം

ന്യൂഡൽഹി:അന്യസംസ്ഥാന തൊഴിലാളികൾക്ക് യാത്രാസൗകര്യം, ഭക്ഷണം, താമസം എന്നിവ സൗജന്യമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുക്കണമെന്ന് സുപ്രീം കോടതി. അന്യസംസ്ഥാന തൊഴിലാളികളുടെ പലായനത്തെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

കേസിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.

അന്യസംസ്ഥാന തൊഴിലാളികൾ ദുരിതത്തിലാണെന്ന് ബെഞ്ച് പറഞ്ഞു. അവരിൽ ഒരു വിഭാഗം റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും കുടുങ്ങിക്കിടക്കുകയാണ്.

ചിലർ നടന്നും ചിലർ സൈക്കിളുകളിലും ദീർഘദൂരം സഞ്ചരിക്കുന്നത് മാദ്ധ്യമങ്ങളിൽ കണ്ടു.ഇത് സംബന്ധിച്ച് പലരും കോടതിക്ക് കത്തുകൾ അയച്ചു. ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ഈ ഘട്ടത്തിൽ അവർക്ക് സർക്കാരുകളുടെ സഹായം അത്യാവശ്യമാണ്. ഹർജി നാളെ വീണ്ടും ബെഞ്ച് പരിഗണിക്കും.

കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും താമസവും യാത്രാസൗകര്യങ്ങളും നൽകാൻ സർക്കാരുകളോട് ആവശ്യപ്പെടാൻ കഴിയില്ല എന്നാണ് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നത്. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ ദുഷ്യന്ത് അടക്കമുള്ളവർ പ്രശ്‌നത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടാത്തതിനെ രൂക്ഷമായി വിമർശിച്ചിരുന്നു.