china-

ന്യൂഡൽഹി: ഇരുവശത്തും ആയിരത്തിലധികം സൈനികർ മുഖാമുഖം നിലയുറപ്പിച്ച ലഡാക് മേഖലയിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാണെന്ന് റിപ്പോർട്ട്. ചൈനീസ് സൈന്യം അംഗബലം വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയും സേനാവിന്യാസം ശക്തമാക്കിയത്.

ഡൽഹിയിൽ ഇന്നലെ ആരംഭിച്ച ആർമി കമാൻഡർമാരുടെ സമ്മേളനം ചൈനീസ് അതിർത്തിയിലെ സംഘർഷം വിലയിരുത്തി. കരസേനാ മേധാവി ജനറൽ എം.എം. നാരാവനെയുടെ അദ്ധ്യക്ഷതയിലാണ് ദ്വിദിന സമ്മേളനം. ലേ അടങ്ങിയ വടക്കൻ മേഖലയുടെ ചുമതലയുള്ള ലഫ്. ജനറൽ വൈ.കെ. ജോഷി വിശദമായ റിപ്പോർട്ട് നൽകി.

അതേസമയം,​ ഇന്ത്യ - ചൈന അതിർത്തി തർക്കം പരിഹരിക്കാൻ മദ്ധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം. ട്വിറ്ററിലൂടെയുള്ള ട്രംപിന്റെ നിർദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. കാശ്മീർ തർക്കത്തിൽ മദ്ധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ നിർദ്ദേശം ഇന്ത്യ നിരസിച്ചിരുന്നു.

ലഡാക്ക് മേഖലയിൽ തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡിയിലെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതൽ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കാരക്കോറം ചുരത്തിലെ അവസാന സൈനിക പോസ്റ്റാണ് ഇവിടം.

പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ സൈന്യം ചൈനീസ് അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കിയെന്ന റിപ്പോർട്ട് വന്നത്. ലഡാക്കിൽ ചൈന 5,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

മേഖലയിൽ ഇന്ത്യ നിർമ്മിക്കുന്ന ദർബുക്-ഷൈക്- ദൗലത് ബേഗ് ഓൾഡി റോഡ് നിർമ്മാണം തടയാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയ്ക്ക് സൈനികമായി മേൽകൈ നൽകുന്ന റോഡാണിത്.

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്നും ചൈനീസ് സൈനിക വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. യുദ്ധസജ്ജമാകാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് കഴിഞ്ഞ ദിവസം സൈന്യത്തെ ആഹ്വാനം ചെയ്‌തിരുന്നു.

സംഘർഷം

ലഡാക്ക് അതിർത്തിയിൽ പാംഗോംഗ് തടാകത്തിനു വടക്ക് ഇന്ത്യ റോഡ് നിർമ്മിക്കുന്നത് ചൈനീസ് സൈനികർ തടഞ്ഞ മേയ് 5 മുതൽ സംഘർഷം നിലനിൽക്കുകയാണ്. അന്ന് ഇരുപക്ഷത്തെയും സൈനികർ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാംഗോംഗ് ടിസോ തടാകത്തിനു ചുറ്റിലും ഗാൽവൻ താഴ്‌വരയിലും ഇരുപക്ഷവും കൂടുതൽ സൈന്യത്തെ വിന്യസിച്ചതോടെ സംഘർഷം രൂക്ഷമായി.