ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യത്തെ 11 നഗരങ്ങളിൽ രണ്ടാഴ്‌ചത്തേക്ക് ലോക്ക് ഡൗൺ നീട്ടാൻ സാദ്ധ്യത. നാലാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്ന 31ന് പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാത്തിൽ' പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. ആരാധനാലയങ്ങൾ തുറക്കുന്നത് അടക്കം കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകും.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരിൽ 70 ശതമാനവും ഉൾക്കൊള്ളുന്ന ഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, പൂനെ, താനെ, ഇൻഡോർ, അഹമ്മദാബാദ്, സൂററ്റ്, ജയ്‌പൂർ നഗരങ്ങളിലാണ് ലോക്ക് ഡൗൺ തുടരാൻ സാദ്ധ്യത. രാജ്യത്തെ 80 ശതമാനത്തിൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത 30 മുനിസിപ്പൽ കോർപറേഷനുകളിൽ പ്രത്യേക അടച്ചിടൽ മേഖലകൾ (കണ്ടെയ്‌ൻമെന്റ് സോൺ) പ്രഖ്യാപിക്കും.
കണ്ടെയ്‌ൻമെന്റ് സോണുകളിലൊഴികെ ജിംനേഷ്യങ്ങൾ തുറക്കാനും അനുവദിച്ചേക്കും. ഡൽഹിയിൽ അടക്കം മെട്രോ ട്രെയിൻ ഓടിക്കുമെന്നും അറിയുന്നു.
ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാനാവും അനുവദിക്കുക. ഉത്സവങ്ങളും ആൾക്കൂട്ടമുണ്ടാകുന്ന ചടങ്ങുകളും അനുവദിക്കില്ല. ഭക്തർ മാസ്‌ക് ധരിച്ചും സമൂഹ അകലം പാലിച്ചും വേണം പ്രവേശിക്കാൻ. ജൂൺ ഒന്നുമുതൽ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.
വിലക്ക് തുടരും
അന്താരാഷ്‌ട്ര വിമാന സർവീസ്
സ്‌കൂൾ, കോളേജ് തുറക്കൽ
വിവാഹ, മരണ ചടങ്ങിൽ ആൾക്കൂട്ടം
ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ