flight
വിമാന ടിക്കറ്റുമായി നിൽക്കുന്ന പപ്പൻ സിംഗിൻ്റെ ഫാമിലെ തൊഴിലാളികൾ

ന്യൂഡൽഹി: കിലോ മീറ്ററുകളോളം പൊരിവെയിലത്ത് നടന്നും സൈക്കിളിലും ട്രെക്കുകളിൽ ഞെങ്ങി‌‌ഞെരുങ്ങിയുമുള്ള കുടിയേറ്റത്തൊഴിലാളികളുടെ പാലായനം ലോക്ക് ഡൗൺകാലത്തെ കരളലിയിക്കുന്ന കാഴ്ചളിലൊന്നായിരുന്നു. എന്നാൽ സ്വന്തം ഫാമിലെ തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ വിമാനടിക്കറ്റ് എടുത്ത് നൽകി മാതൃകയാവുകയാണ് ഡൽഹിയിലെ കൂൺകർഷകൻ .

ഡൽഹിയിലെ തിഗിപുർ ഗ്രാമത്തിലെ പപ്പൻസിംഗാണ് തൻ്റെ പത്ത് തൊഴിലാളികൾക്ക് ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകാൻ വിമാനടിക്കറ്റ് എടുത്ത് നൽകിയത്. എഴുപതിനായിരം രൂപയാണ് അദ്ദേഹം ഇതിനായി ചെലവഴിച്ചത്. ലോക്ക് ഡൗണിനെത്തുടർന്ന് കൂൺ കൃഷി കയറ്റുമതി നിന്നെങ്കിലും ഫാമിലെ തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ശമ്പളവും നൽകുന്നത് പപ്പൻ സിംഗ് കഴിഞ്ഞ രണ്ട് മാസവും തുടർന്നു. എന്നാൽ നാട്ടിൽ കുടുംബാംഗങ്ങളെക്കുറിച്ചുള്ള ആശങ്കകൾ തൊഴിലാളികൾ പങ്ക് വയ്‌ച്ചപ്പോഴാണ് ഗ്രാമത്തിലേക്ക് പോകാൻ പപ്പൻ സിംഗ് വിമാന ടിക്കറ്റ് എടുത്ത് നൽകാൻ തീരുമാനിച്ചത്. " എൻ്റെ എല്ലാ ഉയർച്ചയ്‌ക്കും കാരണം ഈ തൊഴിലാളികളുടെ കൂടെ അദ്ധ്വാനമാണ്. വർഷം 12 ലക്ഷത്തിൻ്റെ ലാഭം എനിക്ക് അവരുണ്ടാക്കി തരുന്നു. അവർ എനിക്ക് കുടുംബാംഗങ്ങളാണെന്നും. നാട്ടിൽപോയി തിരിച്ചുവരുന്ന അവർക്കായി ഞാനും കുടുംബവും കാത്തിരിക്കുന്നുവെന്ന് " പപ്പൻ സിംഗ് പറയുന്നു.

" ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറാൻ സാധിക്കുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല. മനസ് നിറയെ സന്തോഷമാണ്. എന്നാൽ അൽപ്പം പേടിയുമുണ്ടെന്ന് " തൊഴിലാളികളിൽ ഒരാളായ ലക്ഷിന്ദ‌ർ റാം പറയുന്നു. ഇരുപത് വർഷമായി ലക്കീന്ദർ പപ്പൻസിംഗിൻ്റെ ഫാമിലെ കർഷകനാണ്. അഞ്ച് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിൻ്റെ മകനും ഫാമിൽ പപ്പൻസിംഗ് ജോലി നൽകി. ഇന്ന് (28ന്) രാവിലെ ആറ് മണിക്കാണ് ഡൽഹിയിൽ നിന്നും വിമാനത്തിൽ ബിഹാറിലേക്ക് കുടിയേറ്റത്തൊഴിലാളികളുടെ സ്വപ്നയാത്ര.