ന്യൂഡൽഹി: കൊവിഡ് പരിശോധനയ്‌ക്കുള്ള ആർ.ടി പി.സി.ആർ കിറ്റുകൾക്ക് സ്വകാര്യ ലാബുകൾ വില കുറയ്‌ക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ)നിർദ്ദേശിച്ചു. നിലവിൽ ഒരു കിറ്റിന് പരമാവധി 4500 രൂപയാണ് നിശ‌്ചയിച്ചിട്ടുള്ളത്. പരിശോധനകൾ വർദ്ധിച്ച സാഹചര്യത്തിൽ വില കുറയ്‌ക്കുന്നത് ജനങ്ങൾക്ക് ആശ്വാസമാകും.

കൊവിഡ് രോഗ വ്യാപനം തുടങ്ങിയ മാർച്ചിൽ ആർ.ടി പി.സി.ആർ കിറ്റുകൾ പൂർണമായും ഇറക്കുമതി ചെയ്‌ത സമയത്താണ് പരമാവധി 4500രൂപ നിശ‌്ചയിച്ചതെന്നും ആഭ്യന്തര ഉത്പാദനം വർദ്ധിച്ചത് കണക്കിലെടുത്ത് അഭികാമ്യമായ നിലയിൽ വില പുനർനിർണയിക്കണമെന്നും ഐ.സി.എം.ആർ ഡയറക്‌ടർ ഡോ. ബൽറാം ഭാർഗവ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എന്നാൽ, കൊവിഡ് ഇതര പരിശോധനകൾ കുറഞ്ഞ സാഹചര്യത്തിൽ ലാബുകളുടെ പ്രവർത്തനച്ചെലവുകൾ നിറവേറ്റാൻ കിറ്റിന് നിലവിലെ വില തുടർന്നും ഈടാക്കേണ്ടിവരുമെന്ന നിലപാടിലാണ് സ്വകാര്യ ലാബുകൾ.

രാജ്യത്ത് കൊവിഡ് പരിശോധനാ സൗകര്യമുള്ള 610 ലാബുകളിൽ 432 സർക്കാർ മേഖലയിലും 178സ്വകാര്യ മേഖലയിലുമാണ്.