ഡൽഹിയിൽ 18 വർഷത്തിനിടെ മേയിലെ ഏറ്റവും കൂടിയ ചൂട്
ന്യൂഡൽഹി: കൊടും ചൂടിൽ വെന്തുരുകുകയാണ് ഉത്തരന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മിക്കയിടത്തും 48 ഡിഗ്രി വരെയാണ് ചൂട്.അടുത്ത രണ്ട് ദിവസങ്ങളിൽ ഉഷ്ണതരംഗം കൂടുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 47.2 ഡിഗ്രി താപനിലയാണ് ചൊവ്വാഴ്ച സഫ്ദർജംഗിൽ രേഖപ്പെടുത്തിയത്.
കാലാവസ്ഥാ നിരീക്ഷണ വൈബ്‌സൈറ്റായ എൽ ഡൊറാഡൊ ചൊവ്വാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടയിൽ ലോകത്ത് ഏറ്റവും ചൂടനുഭവപ്പെട്ട 15 നഗരങ്ങളിൽ പത്തും ഇന്ത്യയിലാണ്. രാജസ്ഥാനിലെ ചുരുവിലാണ് ചൊവ്വാഴ്ച റെക്കാഡ് ചൂട് അനുഭവപ്പെട്ടത്. ജയ്‌പൂരിൽ നിന്നും 20 കി.മീ അകലെ സ്ഥിതി ചെയ്യുന്ന 'ഗേറ്റ് വേ ഒഫ് താർ" എന്നറിയപ്പെടുന്ന ചുരുവിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില.
രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, പിലാനി എന്നീ നഗരങ്ങളിലും ചൊവ്വാഴ്ച റെക്കാഡ് താപനില രേഖപ്പെടുത്തി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളിലും 48 ഡിഗ്രി ചൂടുണ്ട്.