ഒന്നരലക്ഷം കടന്നു
രാജ്യത്ത് ആകെ രോഗികൾ 1,51,767. കഴിഞ്ഞ ഒരാഴ്ചത്തെപോലെ ആറായിരത്തിന് മുകളിലാണ് (6,387) 24 മണിക്കൂറിലെ രോഗികളുടെ എണ്ണം. മരണം 4337. 64,426 പേർക്ക് രോഗം ഭേദമായി.
ന്യൂഡൽഹി: നാലാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കൊവിഡ് വ്യാപനത്തിൽ ഇഞ്ചോടിഞ്ച് മത്സരിച്ച് ഡൽഹിയും തമിഴ്‌നാടും.
ഡൽഹിയിൽ ഇന്നലെ മാത്രം 792പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 15,257. മരണം 303. കമ്പോളങ്ങളും കടകളും ബസ് സർവീസുമൊക്കെ ആരംഭിച്ചതാണ് ഡൽഹിയിലെ രോഗ വ്യാപനത്തിന്റെ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇളവുകൾ പ്രഖ്യാപിച്ചതോടെ മാസ്‌കോ മറ്റ് സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ജനങ്ങൾ യഥേഷ്ടം തെരുവിലിറങ്ങുകയാണ്. ഡൽഹി സർക്കാർ സോണുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.
തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ 817 രോഗികൾ. ആകെ രോഗികൾ 18,545. ആറ് പേർ കൂടി മരിച്ചതോടെ ആകെ മരണം 133.
കർണാടകത്തിൽ 135 പുതിയ രോഗികളും മൂന്ന് മരണവും.
3,006 രോഗികളുമായി ബിഹാറിലും ആശങ്ക.
ചൊവ്വാഴ്ച 97 പേർ മരിച്ചതോടെ മഹാരാഷ്ട്രയിൽ മരണനിരക്ക് 7.6 ശതമാനം വർദ്ധിച്ചു.
ഇന്നലെ മാത്രം 2,091 രോഗികൾ. ഇതിൽ 75 പൊലീസുകാർ.
ധാരാവിയിൽ 18 രോഗികൾ കൂടി. ആകെ 1,639 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജസ്ഥാനിൽ 7,680 രോഗികൾ. ആന്ധ്രാപ്രദേശിൽ 2, 787രോഗികൾ.
രാജ്യത്ത് 64,426പേർ രോഗമുക്തിനേടിയതോടെ രോഗമുക്തി നിരക്ക് 42.4 ശതമാനം ആയെന്ന് കേന്ദ്രം പറയുന്നു. ലോകത്ത് ശരാശരി മരണനിരക്ക് 6.36ശതമാനം ആയപ്പോൾ, രാജ്യത്ത് ഇത് 2.86 ശതമാനം ആണ്.പരിശോധന വർദ്ധിക്കുന്നതിലാണ് രോഗികകളുടെ എണ്ണം കൂടുന്നതെന്ന വാദം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഡൽഹിയിൽ 500 മരണമെന്ന്
ഡൽഹിയിൽ 10ൽ അധികം ശ്‌മശാനങ്ങളിലായി 500ൽ അധികം മൃതദേഹങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിച്ചതായി ശ്മശാനം നടത്തിപ്പുകാർ വെളിപ്പെടുത്തി. ഇതുവരെ 303 മരണമെന്നാണ് സർക്കാർ കണക്ക് എന്നാൽ മദ്ധ്യ ഡൽഹിയിലെ മുസ്ലിം കബറിസ്ഥാനിൽ മാത്രം 140ൽ അധികം മൃതദേഹങ്ങൾ അടക്കം ചെയ്തെന്ന് ദൃശ്യങ്ങൾ സഹിതം വെളിപ്പെടുത്തിയിട്ടുണ്ട്.
മേയ് 17 വരെ കൊവിഡ് ബാധിച്ച് മരിച്ച 559പേരെ സംസ്‌കരിച്ചതായി ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകൾ വ്യക്തമാക്കി. ഇതോടെ സർക്കാർ കണക്കുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വാദം ബലപ്പെട്ടിരിക്കയാണ്.