covid
COVID

ന്യൂഡൽഹി: സംസ്ഥാനത്തെ ജയിലുകളിലെ കൊവിഡ് വ്യാപനം തടയാൻ മഞ്ഞൾ കലക്കിയ പാൽ, ഇഞ്ചി, നാരങ്ങ എന്നിവ ചേർത്ത ചായ, ചാണക വരളി കത്തിക്കൽ, ആര്യവേപ്പില വെള്ളം എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര ജയിൽ വകുപ്പ്.

മഹാരാഷ്ട്രയിൽ തടവുകാരിലും ജയിൽ ജീവനക്കാരിലും വ്യാപകമായി കൊവി‌ഡ് ബാധിച്ച സാഹചര്യത്തിൽ,​ ബോംബെ ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ജയിൽവകുപ്പിന്റെ സത്യവാങ്മൂലം.

'തടവുപുള്ളികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നാടൻ പ്രയോഗങ്ങളാണ് ജയിലിനുള്ളിൽ സ്വീകരിക്കുന്നത്. മഞ്ഞൾ കലക്കിയ പാൽ, ഇഞ്ചി, നാരങ്ങ എന്നിവ ചേർത്ത ചായ, കുളിക്കാനും കുടിക്കാനും ആര്യവേപ്പ് വെള്ളം എന്നിവയ്ക്കൊപ്പം ഹോമിയോ മരുന്നുകളും നൽകും. എല്ലാ ദിവസവും സെല്ലുകളിൽ ചാണക വരളി കത്തിക്കും. യോഗയും ആരംഭിച്ചിട്ടുണ്ട്. ' - യേർവാഡ ജയിൽ സൂപ്രണ്ട് പറഞ്ഞു.
നാരങ്ങയും ഓറഞ്ചും ബീട്ട് റൂട്ടുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പുറമേ ആയുഷ് വകുപ്പ് നൽകുന്ന പ്രതിരോധ ഗുളികകളും നൽകുന്നുവെന്ന് താനെ ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. ഒപ്പം സന്ദർശകരെ ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ കൊവിഡ് പ്രതിരോധിക്കാൻ ജയിലിനുള്ളിൽ സ്വീകരിക്കേണ്ട സാമൂഹിക അകലം അടക്കമുള്ള മാർഗനിർദേശങ്ങളൊന്നും പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. അതിനാലാണ് മുംബയിലെ ആർതർ റോഡിലെ ജയിലിലെ 158 തടവുപുള്ളികൾക്കും 26 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചത്.