ന്യൂഡൽഹി: ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്ക് നാലു പേർ അടങ്ങുന്ന കുടുംബത്തിന് യാത്രചെയ്യാൻ
180 സീറ്റിന്റെ വിമാനം വാടകക്കെടുത്ത് വ്യവസായിയും അബ്കാരിയുമായ ജഗദീഷ് അറോറ. മകൾക്കും രണ്ടു പേരക്കുട്ടികൾക്കും അവരുടെ ആയക്കും യാത്രചെയ്യാനാണ് ഡൽഹിയിൽ നിന്ന് എയർബസ് എ 320 വിമാനം വാടകയ്ക്ക് എടുത്തത്.
9.30 ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം 10.30ഓടെ ഭോപ്പാലിലെത്തി. അവിടെ നിന്നും ജഗദീഷിന്റെ മകളെയും പേരക്കുട്ടികളെയും കൂട്ടി 11.30 ഓടെ വിമാനം തിരിച്ച് ഡൽഹിയിലെത്തി. മറ്റു യാത്രക്കാർക്ക് ഒപ്പം സഞ്ചരിച്ചാൽ കൊവിഡ് ബാധിക്കുമെന്നും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയില്ലെന്നും കരുതിയാണ് മദ്യവ്യവസായി ഇത്രയും വലിയ തുക വിമാനയാത്രക്കായി മുടക്കിയത്.
മണിക്കൂറിൽ അഞ്ച് മുതൽ ആറുലക്ഷം വരെയാണ് എയർബസിന്റെ വാടക. ഭോപ്പാലിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കായി ജഗദീഷ് 25 മുതൽ 50 ലക്ഷം വരെ മുടക്കിയതായാണ് വിവരം. ആദ്യം വിമാനം വാടകക്കെടുത്ത കാര്യം നിഷേധിച്ചെങ്കിലും പിന്നീട് തങ്ങളുടെ സ്വകാര്യകാര്യമാണെന്നും വ്യവസായി പ്രതികരിച്ചു.