ന്യൂഡൽഹി: ഇലക്ട്രോണിക് അധിഷ്ഠിത ആധാർ പരിശോധനയിലൂടെ വ്യക്തി വിവരങ്ങൾ ഉറപ്പാക്കി തത്സമയം പാൻ അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തുടക്കം കുറിച്ചു. മൊബൈൽ നമ്പരുമായി ബന്ധിപ്പിച്ച ആധാർ നമ്പർ ഉള്ളവർക്ക് സൗജന്യമായി സേവനം ലഭ്യമാകും. അപേക്ഷകർ ആദായനികുതി വകുപ്പിന്റെ ഇ ഫയലിംഗ് വെബ്‌സൈറ്റിൽ ആധാർ നമ്പർ നൽകണം. തുടർന്ന് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി സമർപ്പിക്കുമ്പോൾ 15 അക്ക അക്‌നോളെജ്‌മെന്റ് നമ്പർ ലഭ്യമാകും. അപേക്ഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ഇ മെയിലിലും ഇ-പാൻ പകർപ്പ് ലഭിക്കും.