narendra-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അമ്മയ്ക്കുള്ള കത്തുകൾ' (ലെറ്റേഴ്സ് ടു മദർ) എന്ന പുസ്തകം അടുത്ത മാസം പുറത്തിറങ്ങും.

ചെറുപ്പം മുതൽ ഉറങ്ങുന്നതിന് മുൻപ് എന്നും രാത്രി വിവിധ വിഷയങ്ങളെക്കുറിച്ച് 'ജഗത് ജനനി'യായ മാതാവിനെ സംബോധന ചെയ്‌തെഴുതിയ കത്തുകളാണ് പുസ്തക രൂപത്തിലും ഇബുക്ക് ആയും അടുത്തമാസം പുറത്തിറങ്ങുന്നത്. ഗുജറാത്തി ഭാഷയിലാണ് കത്തുകൾ. ചലച്ചിത്ര നിരൂപക ഭാവന സോമയ്യാണ് ഇവ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഹാർപ്പർകോളിൻസാണ് പ്രസാധകർ.

കത്ത് എഴുതാറുണ്ടെങ്കിലും ഏതാനും മാസം കൂടുമ്പോൾ ഈ കത്തുകൾ കത്തിച്ചുകളയുന്നതായിരുന്നു പതിവെന്നും നിരൂപക ഭാവന സോമയ്യ പറയുന്നു. ഇത്തരത്തിലുള്ള ഒരു ഡയറി മാത്രമാണ് ബാക്കിയായത്. 1986ലെ ഈ ഡയറിയിലെഴുതിയിരിക്കുന്ന കത്തുകളാണ് ഇപ്പോൾ പുസ്തകരൂപത്തിൽ പുറത്തുവരുന്നത്. ഇതൊരു സാഹിത്യരചനയ്ക്കുള്ള ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെയും ചിന്തകളുയുടെയും പ്രതിഫലനങ്ങളാണ് പുസ്തകത്തിലുള്ളതെന്നുമാണ് മോദിയുടെ വാക്കുകൾ.