ന്യൂഡൽഹി:ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ കാർ ബോംബ് ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. 45 കിലോ സ്ഫോടക വസ്‌തുക്കളുമായി എത്തിയ കാർ ജമ്മു കാശ്മീർ പൊലീസും സി.ആർ.പി.എഫും, സൈന്യവും സംയുക്ത നീക്കത്തിലൂടെ കണ്ടെത്തി നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. 2019 ലെ പുൽവാമ മാതൃകയിലുള്ള ചാവേർ ആക്രമണമായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കരുതുന്നു.
രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള വിവരത്തിന് പിന്നാലെയാണ് ബുധനാഴ്ച രാത്രി പുൽവാമയിലെ ചെക്ക്‌പോയിന്റിൽ വെള്ളനിറത്തിലുള്ള സാൻട്രോ കാർ എത്തിയത്. ബാരിക്കേഡുകൾ വച്ച്
തടഞ്ഞെങ്കിലും കാർ ഇതിനെ മറികടന്ന് പാഞ്ഞുപോയി.
കാറിനെ പിന്തുടർന്ന സുരക്ഷാസേന വെടിയുതിർത്തതോടെ കാർ നിർത്തിയ ഡ്രൈവർ ഇരുട്ടിൽ ഓടി രക്ഷപ്പെട്ടു. കാറിൽ സ്‌ഫോടക വസ്തുക്കളുണ്ടെന്ന് മനസിലാക്കിയ സേന പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ചു. വ്യാഴാഴ്ച പുലരുവോളം സേന നിരീക്ഷണം തുടർന്നു. രാവിലെ ബോംബ് സ്‌ക്വാഡ് എത്തി കാർ പരിശോധിച്ചപ്പോഴാണ് ഒരു നീല ഡ്രമ്മിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കാറിന്റെ നമ്പർ വ്യാജമാണെന്നും വ്യക്തമായി. വാഹനം മാറ്റുന്നത് അപകടകരമായതിനാൽ അവിടെ തന്നെ തകർക്കുകയായിരുന്നു.
ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദും ഹിസ്ബുൾ മുജാഹിദ്ദീനും സംയുക്തമായി ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കരുതുന്നത്. കേസ് എൻ.ഐ.എക്ക് കൈമാറിയതായി ജമ്മു കാശ്മീർ പൊലീസ് അറിയിച്ചു.
2019 ഫെബ്രുവരി 14 പുൽവാമയിൽ സി.ആർ.പി.എഫിന്റെ വാഹനവ്യൂഹത്തിൽ ഭീകരൻ സ്‌ഫോടനവസ്തുക്കൾ നിറച്ച കാർ ഓടിച്ച് കയറ്റി 40 ജവാന്മാരെ കൊലപ്പെടുത്തിയിരുന്നു.